കൊച്ചി: രാമക്ഷേത്രനിർമ്മാണത്തിനെതിരെ പ്രതികരിച്ച നാടൻ പാട്ട് കലാകാരന് സംഘ് പരിവാറിന്റെ വിലക്ക്. നെടുമ്പാശേരി സ്വദേശി പ്രശാന്ത് പങ്കനാണ് ക്ഷേത്ര പരിപാടികളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. പ്രശാന്ത് അംഗമായ നാട്ടുപൊലിമ നാടൻ പാട്ട് സംഘത്തിനും ക്ഷേത്രങ്ങളിൽ വിലക്കുണ്ട്. തന്റെ സോഷ്യൽമീഡിയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഹിന്ദുവിരുദ്ധരാണെന്ന് ചിത്രീകരിച്ച് വിവിധ ഗ്രൂപ്പുകളിൽ സംഘ് പരിവാറുകാർ പ്രചരിപ്പിച്ചെന്നും പ്രശാന്ത് പങ്കൻ പറഞ്ഞു.
‘ ഇനിമുതൽ ക്ഷേത്രങ്ങളിൽ പരിപാടി ചെയ്യാമെന്ന് കരുതേണ്ടെന്നും അത് ഞങ്ങൾ ഇടപെട്ട് വിലക്കുമെന്ന് പറഞ്ഞ് നിരവധി പേർ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ചെങ്ങമനാട് തൈപ്പൂയ മഹോത്സവത്തിന് ഭാഗമായി രണ്ടുമാസം മുമ്പ് പരിപാടി ബുക്ക് ചെയ്തിരുന്നു. ഈ വിഷയം വന്നതിന് ശേഷം പരിപാടി നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹി വിളിച്ചുപറഞ്ഞു’. സോഷ്യൽമീഡിയയിലൂടെയും സൈബർ അറ്റാക്ക് നടക്കുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു.
നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും ഭയപ്പെടില്ലെന്നും കേരള സമൂഹം തന്നോടൊപ്പം ഉണ്ടാകുമെന്നും പ്രശാന്ത് പറയുന്നു.