തൃശൂര്‍ : സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പൊലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.
തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിന് മോദി കേരളത്തിലെത്തിയിരുന്നു. ഇതിനുപുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മോദി മൂന്ന് തവണ കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനുവരിയില്‍ ഒരു തവണയും ഫെബ്രുവരിയില്‍ രണ്ടുതവണയും പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സന്ദര്‍ശനത്തില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട മൂന്നു പുതിയ പദ്ധതികള്‍ അദ്ദേഹം സമര്‍പ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. 17ന് ഗുരുവായൂരില്‍ എത്തിയാല്‍ മോദി മറ്റ് പരിപാടികളില്‍ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല.