ഡല്‍ഹി ക്ഷേത്രത്തിലെ സ്റ്റേജ് തകര്‍ന്നുവീണു, സ്ത്രീ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്



ന്യൂഡല്‍ഹി: ഡല്‍ഹി കല്‍ക്കാജി മന്ദിറിലെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് വീണ് 45 വയസുള്ള സ്ത്രീ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം രാത്രി 'ജാഗ്രണ്‍' ചടങ്ങിനിടെയാണ് സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ എത്തിയ സമയത്താണ് അപകടം ഉണ്ടായത്. ഭക്തര്‍ക്ക് ഇരിക്കാനായി കെട്ടിയിരുന്ന സ്റ്റേജാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ എത്തിയതോടെ, തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു ക്ഷേത്രം. അതിനിടെ ചിലര്‍ പഞ്ചാബി ഗായകന്റെ ഭജന്‍ കേള്‍ക്കാന്‍ മെയ്ന്‍ സ്റ്റേജിലേക്ക് ഇടിച്ചുകയറിയതും തിരക്കിന് കാരണമായി.

പരിപാടിയുടെ സംഘാടകര്‍ക്കും മറ്റു വിഐപികള്‍ക്കും ഇരിക്കാനായി താല്‍ക്കാലികമായി നിര്‍മിച്ച മരം കൊണ്ടുള്ള പ്ലാറ്റ്‌ഫോമാണ് തകര്‍ന്നുവീണത്. പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ, ഭാരക്കൂടുതല്‍ കാരണമാണ് സ്‌റ്റേജ് തകര്‍ന്നതെന്നും പൊലീസ് പറയുന്നു. പ്ലാറ്റ്‌ഫോമിന് താഴെ ഇരുന്നിരുന്ന ഭക്തരുടെ മേലാണ് സ്‌റ്റേജ് പതിച്ചത്.

പരിഭ്രാന്തരായി ഭക്തര്‍ പുറത്തേയ്ക്ക് ഓടാന്‍ തുടങ്ങിയതോടെ, രൂപംകൊണ്ട തിക്കിലും തിരക്കിലും പെട്ടും നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എയിംസ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വാസികളുടെ ജീവന് ഭീഷണി സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
Previous Post Next Post