കലാപരിപാടികളുടെ വിജയപരാജയങ്ങൾ ഒരിക്കലും നമ്മുടെ കലാപ്രവർത്തനങ്ങളെ ബാധിക്കരുത്: മമ്മൂട്ടി


 

കൊല്ലം: കലാമത്സരങ്ങളിൽ ഒരുപാട് പേര് പങ്കെടുക്കുകയും ചിലർ വിജയിക്കുകയും ചിലർ വിജയിക്കാതിരിക്കുകയും ചെയ്തു. കലാപരിപാടികളുടെ വിജയപരാജയങ്ങൾ ഒരിക്കലും നമ്മുടെ കലാപ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് മമ്മൂട്ടി. കൊല്ലത്ത് നടന്ന 62 - മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപന സമ്മേളനത്തിൽ മുഖ്യാഥിതിയായി എത്തിയതായിരുന്നു സൂപ്പർതാരം.ഒരു പ്രകടനത്തിലെ ജയാപജയങ്ങൾ മറ്റുള്ളവർക്കൊപ്പം എത്താൻ സാധിച്ചില്ലെങ്കിൽകൂടി കലാപരമായ കഴിവുകൾക്ക് ഒരു കോട്ടവും സംഭവിക്കാൻ പോകുന്നില്ല. നമ്മളത് കാലാകാലങ്ങളായി തേച്ച് മിനുക്കിയെടുത്ത് വീണ്ടും വലിയ കലാകാരന്മാർ ആകുകയേ ഉള്ളു. അതുകൊണ്ട് മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയാണെന്നും മമ്മൂട്ടി പറഞ്ഞു.ഒരു യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റുവലിൽ പോലും പങ്കെടുക്കാത്തയാളാണ് താനെന്നും, ഇന്ന് നിങ്ങളുടെ മുന്നിൽ നിന്നും സംസാരിക്കാൻ അർഹത നേടിയെങ്കിൽ ഈ കലാപരിപാടിയിൽ പങ്കെടുത്ത വിജയികൾക്കും പരാജയപ്പെട്ടവർക്കും ഒരുപോലെ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ എൻ ബാലഗോപാൽ, മന്ത്രി വി ശിവൻകുട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

62- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂ‍ർ. 952 പോയിന്റ് നേടിയാണ് കണ്ണൂ‍ർ ഇക്കൊല്ലം ഒന്നാമതെത്തിയത്. നാലാം തവണയാണ് കണ്ണൂർ ജില്ല കിരീടം സ്വന്തമാക്കുന്നത്. 24 വർഷത്തിന് ശേഷമാണ് കിരീടം വീണ്ടും കണ്ണൂരിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.എന്നാൽ, കഴിഞ്ഞ വ‍ർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് സ്വന്തമാക്കിയത്.ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്തെത്തിയ സ്കൂൾ. 244 പോയിന്റുമായാണ് ഇവർ ഒന്നാമതെത്തിയത്. ഹയർ സെക്കന്ററി വിഭാഗം സ്കൂളുകളിലും ഒന്നാം സ്ഥാനത്ത് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ തന്നെയാണ്.
Previous Post Next Post