ലഖ്നൗ: വാരാണസിയിലെ ഗ്യാൻവാപി പള്ളി നിൽക്കുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ കണ്ടെത്തലെന്നു റിപ്പോർട്ടുകൾ.
മസ്ജിദിനു മുൻപ് ഹിന്ദു ക്ഷേത്രമായാണ് കെട്ടിടം നിലനിന്നിരുന്നതെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഹിന്ദു സംഘടനകളുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയ്നാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.
നിലവിലെ കെട്ടിടത്തിൽ ഉപയോഗിച്ചിരിക്കുന്ന തൂണുകൾ പഴയ ക്ഷേത്രത്തിന്റേതാണ്. ചെറിയ മാറ്റങ്ങളോടെ ഇവ ഇപ്പോഴുമുണ്ട്. ഇടനാളികളിലെ തൂണുകളും ക്ഷേത്രമാണെന്നു വ്യക്തമാക്കുന്നു. താമരയുടെ കൊത്തുപണി വികൃതമായ നിലയിലാണ്.
ദേവനാഗരി, തെലുഗു, കന്നഡ മറ്റു ലിപികളിൽ എഴുതിയ പുരാതന ഹിന്ദു ക്ഷേത്ര ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജനാർദ്ദന, രുദ്ര, ഉമേശ്വരൻ എന്നീ പേരുകൾ ഇവയിൽ കാണാം. ഇവയുടേയും പഴയ ഘടനയിലും ചില മാറ്റങ്ങൾ വരുത്തി പുനരുപയോഗിച്ച നിലയിലാണ്. സർവേയിൽ ആകെ 34 ശിലാ ലിഖിതങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ടെന്നു അഭിഭാഷകൻ വാദിച്ചു.
മുമ്പ് നിലവിലുണ്ടായിരുന്ന ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി നിർമിച്ചതെന്നു കണ്ടെത്താനാണ് സർവേ നടത്തിയത്. പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിൽ നിർമിച്ചതാണെന്ന് ഹിന്ദു ഹർജിക്കാർ അവകാശപ്പെട്ടതിനെ തുടർന്നാണ് കോടതി സർവേയ്ക്ക് ഉത്തരവിട്ടത്. ഡിസംബർ 18ന് മുദ്ര വച്ച കവറിൽ എഎസ്‌ഐ സർവേ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു.