തൃശൂർ: കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാർ മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേർ മരിച്ചു. പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോൽക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്.എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം. റോഡിനോടുചേർന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അഗ്നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാൽ തിരച്ചിൽ നടത്താനായില്ല.
ചാലക്കുടിയിൽനിന്ന് സ്കൂബ സംഘമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. വീതികുറഞ്ഞ റോഡിനോടുചേർന്ന പാറമടക്കുളത്തിന്റെ കൈവരി തകർത്താണ് കാർ മറിഞ്ഞത്. ടിറ്റോയെ വീട്ടിൽ എത്തിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹങ്ങൾ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.