ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഇ ത്വയിബ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താനി റേഞ്ചേഴ്സിന്റെ സഹായത്തോടെ സാംബ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ലഷ്കര്‍ ഭീകരര്‍ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.
സാംബ ജില്ലയിലെ ബസന്തര്‍ നദീതടത്തിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജമ്മു- പത്താന്‍കോട്ട് ദേശീയ പാതയിലൂടെ നീങ്ങുന്ന സൈനിക വാഹന വ്യൂഹങ്ങളും സാധാരണ യാത്രക്കാരുമാണ് ഭീകരരുടെ ലക്ഷ്യമെന്നാണ് സൂചന.
ഭീകരാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സൈന്യം തയ്യാറെടുപ്പുകള്‍ ശക്തമാക്കി. ജമ്മു കശ്മീര്‍ പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ അതിര്‍ത്തിക്ക് സമീപം പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി.
ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച സാംബ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മേഖലയിലെ കനത്ത മൂടല്‍മഞ്ഞും കൊടും തണുപ്പും പ്രതിസന്ധിയാണെങ്കിലും ഇവയെയൊക്കെ തരണം ചെയ്ത് അതിര്‍ത്തി കാക്കാന്‍ ഇന്ത്യന്‍ സേനകള്‍ സജ്ജമാണെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.