മാലി : ഇന്ത്യ നൂറ്റാണ്ടുകൾ പഴക്കമുള്ള സുഹൃത്ത് ആണെന്നും ആഴമേറിയ സഹോദര്യമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും ഇന്ത്യൻ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും റിപ്പബ്ലിക്ക് സന്ദേശമയച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ ഓഫീസ്.
ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം “ഇന്ത്യ പുറത്ത്” നിലപാടുമായി അധികാരത്തിൽ വന്ന മുഹമ്മദ് മൊയ്‌സുവിന്റെ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
തന്റെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ തങ്ങളുടെ അടിത്തറ ഇളക്കുമെന്ന് മാലിദ്വീപിലെ ജനങ്ങൾ ഒടുവിൽ മനസിലാക്കി തുടങ്ങിയിരിക്കുന്നു, അതിന്റെ ചൂട് മന്ത്രി സഭയെയും ബാധിച്ചു തുടങ്ങി എന്ന് വ്യക്തമാക്കിയ നീക്കമായി ഇതിനെ കണക്കാക്കാവുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിലാണ് മുയ്‌സുവിന്റെ ഇന്ത്യ വിരുദ്ധ നയങ്ങൾക്ക് എതിരായി മാലിയിലെ രണ്ട് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചത്. ഇതോടു കൂടി ഈ രീതിയിൽ മുന്നോട്ട് പോയാൽ തന്റെയും പാർട്ടിയുടെയും നാശം അടുത്തു തന്നെ ഉണ്ടാകുമെന്ന് മുയ്‌സുവിനും ഏതാണ്ട് ധാരണ ആയിട്ടുണ്ടാകണം.
അതിനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ മാലിദ്വീപിന് നൽകിയ ഡോർണിയർ വിമാനം ഉപയോഗിക്കാൻ മടിച്ചതിനെ തുടർന്ന് 14 വയസ്സുള്ള ഒരു ബാലൻ മരണപ്പെട്ട സാഹചര്യവും മാലിദ്വീപിൽ ഉണ്ടായിരിന്നു. ഇതിനെ തുടർന്ന് വലിയ ജനകീയ പ്രക്ഷോഭമാണ് മാലിയിൽ നടന്നത്.
പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധതയ്ക്ക് ജനങ്ങളുടെ ജീവൻ കൊണ്ട് കളിക്കാനാകില്ലെന്ന് അവിടത്തെ പ്രതിപക്ഷ എം പി മാർ പരസ്യ പ്രസ്താവന ഇറക്കുന്ന സാഹചര്യവും ഉണ്ടായി.
ഇതോടു കൂടി തന്റെയും തന്റെ പാർട്ടിയുടെയും അടിത്തറ തന്നെ ഇളകുന്ന തരത്തിലേക്ക് സ്ഥിതി വിശേഷം മാറുമെന്ന് പൂർണ്ണ ബോധ്യം വന്നതിനെ തുടർന്നാണ് നിലപാട് മയപ്പെടുത്താൻ മുയ്‌സു തയ്യാറായതെന്നാണ് വ്യക്തമാകുന്നത്.