ജോര്‍ജ് ഉണ്ണൂണ്ണിയെ കൊലപ്പെടുത്തിയത് പുതിയ കൈലി മുണ്ടും ഷര്‍ട്ടും ഉപയോഗിച്ച്; വാങ്ങിയ കടകൾ കണ്ടെത്താന്‍ പോലീസ്

 


പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ ഉറപ്പിക്കാൻ അന്വേഷണസംഘം. പത്തനംതിട്ട മൈലപ്ര വഴി സർവീസ് നടത്തുന്ന നാൽപ്പതിലധികം ബസുകളിൽനിന്ന് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന കടയിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും ഇതിന്‍റെ ഹാർഡ് ഡിസ്ക് നഷ്ടമായത് തുടക്കത്തിൽ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പകരമായാണ് കുമ്പഴ - മൈലപ്ര, പത്തനംതിട്ട മൈലപ്ര വഴിയും തിരികെയുമുള്ള ബസുകളിലെ ക്യാമറകൾ പരിശോധിച്ചത്.ഇത് കൂടാതെ ഈ ഭാഗത്തുള്ള കടകളിലെയും വീടുകളിലെയും സിസിടിവികളും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നുണ്ട്. മൈലപ്രയില്‍ വ്യാപാരിയായ പുതവേലിൽ ജോര്‍ജ് ഉണ്ണൂണ്ണിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൈലി മുണ്ടും ഷര്‍ട്ടും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ പോലീസ് കണ്ടെടുത്തു. ഇവ പുതിയതായതിനാൽ വാങ്ങിയ കടകൾ കണ്ടെത്താനും സംഘം ശ്രമിക്കുന്നുണ്ട്.അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.മോഷണ ശ്രമത്തിനിടെയാണ് ജോര്‍ജിനെ കൊലപ്പെടുത്തിയതെന്നും സ്ഥിരീകരണമുണ്ടായിട്ടുള്ളതായി അറിയുന്നു. ജോര്‍ജിന്‍റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് പവന്‍റെ മാലയും കടയിലും ഷർട്ടിന്‍റെ പോക്കറ്റിലുമായി സൂക്ഷിച്ചിരുന്ന പണവും നഷ്ടമായിട്ടുണ്ട്. ഇത് ഒരു ലക്ഷത്തിൽ കുറയാതെ വരുമെന്നാണ് ബന്ധുക്കൾ പറയുന്നത്. ജോര്‍ജിനെ കുറിച്ച് അറിയുന്നവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളായ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരാണ് കൈയ്യും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ മൃതദേഹം കണ്ടത്. സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌ക്കും കടയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു.
Previous Post Next Post