മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; ഇപിഎഫ് പലിശ 8.25 ശതമാനമാക്കി ഉയര്‍ത്തി



ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. ധനമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പലിശനിരക്കാണ് ഇപിഎഫ്ഒ ഉയര്‍ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ വര്‍ഷം 8.15 ശതമാനമായിരുന്നു പലിശ. 2021-22 സാമ്പത്തിക വര്‍ഷം 8.10 ശതമാനമായിരുന്നു പലിശ. ഇതാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.15 ശതമാനമാക്കി ഉയര്‍ത്തിയത്. 2023 മാര്‍ച്ചിലാണ് 8.15 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ തീരുമാനിച്ചത്. 2022 മാര്‍ച്ചില്‍ പലിശനിരക്ക് 8.10 ശതമാനമാക്കി കുറയ്ക്കാന്‍ ഇപിഎഫ്ഒ തീരുമാനിക്കുകയായിരുന്നു. 1977-78 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അന്ന് എട്ടു ശതമാനമായിരുന്നു പലിശനിരക്ക്.

പുനഃസംഘടിപ്പിച്ച കേന്ദ്ര ട്രസ്റ്റ് ബോര്‍ഡിന്റെ പ്രഥമ യോഗമാണ് കഴിഞ്ഞദിവസം ചേര്‍ന്നത്. തൊഴില്‍മന്ത്രി ഭൂപേന്ദ്രയാദവ് അധ്യക്ഷനായി.
Previous Post Next Post