നെവാഡ കോക്കസ്: 99% വോട്ടും ട്രംപിന്




വാഷിങ്ടൻ : നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ഡോണൾഡ് ട്രംപിന്റെ കുതിപ്പ് തുടരുന്നു. നെവാഡയിലെ പാർട്ടി കോക്കസിൽ 99% വോട്ടും തൂത്തുവാരി സംസ്ഥാനത്തെ 26 ഡെലിഗേറ്റുകളെയും മുൻ പ്രസിഡന്റ് സ്വന്തമാക്കി. 4 ഡെലിഗേറ്റുകളുള്ള വെർജിൻ ഐലൻഡിൽ നടന്ന കോക്കസിലും 74% വോട്ടോടെ ട്രംപിനാണു വിജയം.

വിവിധ പ്രൈമറികൾക്കും കോക്കസുകൾക്കും ശേഷം ആകെ ഡെലിഗേറ്റ് എണ്ണം നോക്കിയാണ് പാർട്ടിയുടെ സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. 
നെവാഡ കോക്കസിൽ ട്രംപിന് 48,400 വോട്ടും എതിർസ്ഥാനാർഥി റയൻ ബിങ്‌ക്ലിക്ക് 381 വോട്ടുമാണു ലഭിച്ചത്. നേരത്തേ അയോവ, ന്യൂഹാംഷർ സംസ്ഥാനങ്ങളിലെ പാർട്ടി തിരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചിരുന്നു. ട്രംപിന്റെ പേര് ബാലറ്റിലില്ലാതെയും നിക്കി ഹേലി പ്രധാന സ്ഥാനാർഥിയായും ചൊവ്വാഴ്ച നെവാഡയിൽ നടന്ന പ്രൈമറിയിൽ ‘നൺ ഓഫ് ദീസ് കാ‍ൻഡിഡേറ്റ്സ്’ വോട്ടുകളായിരുന്നു ഭൂരിപക്ഷം. ഈ മാസം 24ന് സൗത്ത് കാരലൈന സംസ്ഥാനത്താണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അടുത്ത പ്രൈമറി. 
Previous Post Next Post