കേരളംസംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി



സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി. 2019ൽ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാഗമായാണ് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നത്. വോൾവോ ലോ ഫ്ലോർ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക. പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, വാളയാർ, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് സർവ്വീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു.

യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ സേവനങ്ങളും ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിലെ മിക്ക യൂണിറ്റുകളിൽ നിന്നും സർവീസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾ സർവീസുകളുടെ സമയക്രമം, ഓപ്പറേഷൻ ചെയ്യുന്ന യൂണിറ്റ് തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വഴി അറിയിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

അതേസമയം, പത്തനാപുരം കണ്ണൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് സർവ്വീസിന് കഴിഞ്ഞദിവസം തുടക്കമായി. പത്തനാപുരം യൂണിറ്റിന് പുതുതായി അനുവദിച്ച സ്വിഫ്റ്റ് ബസുകൾ പ്രയോഗിച്ചാണ് കണ്ണൂർ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നു പത്തിനാണ് പത്തനാപുരം യൂണിറ്റിൽ നിന്നും ബസ് കണ്ണൂരിലേക്ക് പുറപ്പെടുന്നത്. പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, നോർത്തു പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട്, തലശ്ശേരി, വഴി രാവിലെ 3:30ന് കണ്ണൂർ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. കണ്ണൂർ യൂണിറ്റിൽ നിന്നും രാത്രി 7.30നാണ് മടക്കയാത്ര. രാവിലെ 7:55ന് പത്തനാപുരം യൂണിറ്റിൽ എത്തിച്ചേരുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
Previous Post Next Post