കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എംഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് തുടക്കം. ഘോഷയാത്ര തോമസ് ചാഴിക്കാടന്‍ എംപി ഫ്ളാഗ് ഓഫ് ചെയ്യും.
എഴുപത്തയ്യായിരം പേര്‍ പങ്കെടുക്കുന്ന റാലി നെഹ്റു സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും.
മൂന്നിന് ഭദ്രാസന അടിസ്ഥാനത്തില്‍ റാലി കെകെ റോഡിലൂടെ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ പ്രവേശിച്ച്, കുര്യന്‍ ഉതുപ്പ് റോഡിലൂടെ നെഹ്റു സ്റ്റേഡിയത്തില്‍ പ്രവേശിക്കും. റാലി പോകുന്ന വീഥികളില്‍ മുഴുവന്‍ സമയവും നസ്രാണി കലാ പ്രകടനങ്ങളും ഉണ്ടാകും. 300 പേരടങ്ങുന്ന ഗായകസംഘം ഫാ. എം. പി. ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തില്‍ ഗാനാലാപനം നടത്തും. ഫാ. അനൂപ് രാജു, ഫാ. ജിബി കെ. പോള്‍, ഫാ. ഡോ. വര്‍ഗീസ് പി വര്‍ഗീസ് എന്നിവര്‍ ഗാന പരിശീലനത്തിന് നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്‍, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. മോഹന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.