ഇടുക്കി കട്ടപ്പനയിൽ ബാങ്ക് ജീവനക്കാരൻ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത് ലക്ഷങ്ങളോ ,കോടികളോ? തട്ടിപ്പ് പുറത്തായത് ബാങ്കിന്റെ പരിശോധനയിൽ


ഇടുക്കി :കട്ടപ്പന-കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയ ഉരുപ്പടികൾ തിരിമറി നടത്തിയും ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം ബാങ്കിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇടപാടുകാർ പണയപ്പെടുത്തിയ ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചു. കൂടാതെ, പരിചയക്കാരായ ഇടപാടുകാരെ കബളിപ്പിച്ച് അവരുടെ പേരിൽ മുക്കുപണ്ടം ഇതേ ബാങ്കിൽ പണയപ്പെടുത്തി.
ബാങ്കിലെ ഗോൾഡ് അപ്രൈസറാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മുക്കുപണ്ടം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇടപാടുകാരെ ഫോണിൽ വിളിച്ച്
കാര്യമറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിഞ്ഞത്. നിരവധിപേരുടെ ആഭരണങ്ങൾ ബാങ്കിൽ കാണാനില്ല. പകരം മുക്കുപണ്ടമാണുള്ളത്. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ നിലവിൽ മുങ്ങിയിരിക്കുകയാണ്. ബാങ്ക് അധികൃതരും കബളിപ്പിക്കപ്പെട്ട ഇടപാടുകാരും കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നൽകി.
കട്ടപ്പന സെൻട്രൽ ബാങ്ക് ജീവനക്കാരൻ കൊല്ലം പറമ്പിൽ അനിലിനെയാണ് നാട്ടുകാരുടെ  പരാതിയെ തുടർന്ന്  പോലീസ് തിരയുന്നത്. 4,65,000 രൂപയുടെ തട്ടിപ്പാണ് നടന്നത്.
കട്ടപ്പന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാരനായ കൊല്ലംപറമ്പിൽ കെ.ജി. അനിൽ ടൗണിലെ വ്യാപാരിയായ സുഹൃത്തിനോട്  കുറച്ച് സ്വർണ്ണം സിബിയുടെ പേരിൽ പണയം വയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. താൻ ബാങ്കിലെ ജീവനക്കാരനായതിനാൽ തൻ്റെ പേരിൽ പണയം വയ്ക്കുവാൻ കഴിയില്ലന്നു പറഞ്ഞ് വിളിച്ചു വരുത്തി ഒപ്പിടീക്കുകയായിരുന്നു എന്നാണ് കബളിക്കപ്പെട്ട വ്യാപാരിയായ പരാതിക്കാരൻ പറയുന്നത്.
കഴിഞ്ഞ ദിവസം ഉന്നത ഉദ്യാഗസ്ഥർ ബാങ്കിൽ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത്. 4,65,000 രൂപ മുക്കുപണ്ടം പണയത്തിൽ വ്യാപാരിയായപരാതിക്കാരൻ എടുത്തതായും, ഉടൻ പണം തിരികെ അടക്കുകയോ യഥാർത്ഥ സ്വർണ്ണം നൽകുകയോ ചെയ്യണമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് വ്യാപാരി കട്ടപ്പന പോലീസിൽ പരാതി നൽകി.   അനിൽ കട്ടപ്പന സെൻ്ട്രൽ ബാങ്കിലെ ഗോൾഡ് അപ്രൈസറാണ്. സ്വർണ്ണ പണികൾ നടത്തുന്ന സ്ഥാപനങ്ങളും ഇയാൾ നടത്തിവരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി ആളുകളുടെ പേരിൽ ഇയാൾ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. നിലവിൽ  ഇയാൾ ഒളിവിലാണ്.  ബാങ്ക് അധികൃതരുടെ വിശദമായ പരിശോധന പൂർത്തിയായാൽ മാത്രമേ എത്ര പവൻ സ്വർണ്ണത്തിൻ്റെ തട്ടിപ്പ് ഇയാൾ  നടത്തിയെന്ന് അറിയാനാവു എന്ന് കട്ടപ്പന പോലീസ് വ്യക്തമാക്കി.
Previous Post Next Post