പാലാ - തൊടുപുഴ റോഡില്‍ ടിപ്പര്‍ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നതിനിടയിൽ സാമൂഹ്യവിരുദ്ധർ പിടിയിൽ.
നെല്ലാപ്പാറയ്ക്കും, കുറിഞ്ഞിക്കും ഇടയില്‍ ചൂരപ്പട്ട വളവിന് സമീപം ഇവർ വര്‍ഷങ്ങളായി
നിരവധി തവണ സാനിട്ടറി മാലിന്യം, കക്കൂസ് മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം, അറവ് മാലിന്യം എന്നിവ റോഡുവക്കില്‍ തള്ളിയിരുന്നു.
ഇതോടെ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുവാനായി കുറിഞ്ഞിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ്മസേന രൂപീകരിച്ചിരുന്നു.
പലതവണ രാത്രിയില്‍ കാവല്‍ നിന്നെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാനായില്ല. എന്നാല്‍ ഞായറാഴ്ച രാത്രി ഒരു ടിപ്പര്‍ ലോറി നിറയെ മാലിന്യം വഴിയില്‍ തള്ളാന്‍ എത്തിയവരെ വാര്‍ഡ് മെമ്പറിന്റെ നേതൃത്വത്തില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കുമെന്നും, ഇനിയും മാലിന്യം തള്ളുന്നവരെ പിടികൂടുവാന്‍ ഈ ഭാഗങ്ങളില്‍ നൈറ്റ് പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
തൊടുപുഴ കാരിക്കോട് കൂമ്പങ്കല്ല് മലേപ്പറമ്പില്‍ സഷീറിന്റെ മകന്‍ ഷാനുമോന്‍ എം.ബി.(36) യുടേതാണ് വാഹനം. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ വേസ്റ്റുമായിട്ടാണ് വാഹനം എത്തിയത്. മൂന്ന് ലോഡ് മാലിന്യം ഇയാള്‍ ഇവിടെ നിക്ഷേപിച്ചിരുന്നു. നാലാമത്തെ ലോഡ് നിക്ഷേപിക്കുന്നതിന് ഇടയിലാണ് നാട്ടുകാരുടെ പിടിയിലാകുന്നത്.