ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണവള ഹൈഡ്രജൻ ബലൂണിനൊപ്പം പറന്നുപോയി..വെയർ ഇൻ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉണ്ണികൃഷ്ണൻ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.


തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ മകളുടെ സ്വർണ്ണ വള നഷ്ടപ്പെട്ടു പോയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് കുറിപ്പ്. കുട്ടിക്ക് കളിക്കാനായി വാങ്ങിയ ഹൈഡ്രർ ബലൂണിനൊപ്പമാണ് സ്വർണ്ണ വള നഷ്ടപ്പട്ടത്. അബദ്ധത്തിൽ വള ഊരുകയും ബലൂൺ പറന്ന് പോവുകയുമായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ മകളുടെ സ്വർണ്ണവളയാണ് നഷ്ടപ്പെട്ടത്. വെയർ ഇൻ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉണ്ണികൃഷ്ണൻ പോസ്റ്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനും പരിപാടികളും കാണാനെത്തിയതായിരുന്നു ഉണ്ണികൃഷ്ണൻ. ഉത്സവത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മകൾക്ക് കളിക്കാനായി ഹൈഡ്രജൻ ബലൂൺ വാങ്ങി നൽകി. ബലൂൺ നഷ്ടപ്പെടാതിരിക്കാൻ കുട്ടിയുടെ സ്വർണ്ണ വളയിലായിരുന്നു ബലൂണിന്‍റെ ചരട് കെട്ടിയിരുന്നുത്. അബദ്ധത്തിൽ കുട്ടി വള ഊരുകയും പ്ലെയിനിന്‍റെ ആകൃതിയിലുള്ള ബലൂൺ പറന്ന് പോവുകയായിരുന്നു.

ഏറെ നേരെ ബലൂണിന് പിന്നാലെ പോയെങ്കിലും ഉയരത്തിൽ പറന്ന് പോയെന്നും ആൾക്കൂട്ടത്തിനിടയിൽ ബലൂണിനെ പിന്തുടരാനായില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. വിവരം ക്ഷേത്രത്തിന് മുന്നിലുള്ള പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. ആർക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ആർക്കെങ്കിലും വള കിട്ടിയാൽ തിരികെ നൽകുമെന്ന് പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post