കാർ നിയന്ത്രണം വിട്ടു; ഡിവൈഡർ തകർത്ത് തലകീഴായി മറിഞ്ഞു

 

 

തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് ഡിവൈഡറും തകർത്ത് തല കീഴായി മറിഞ്ഞു. അപകടത്തിൽ യുവതി ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്കേറ്റു.

 കോവളം കെ.എസ് റോഡ് സ്വദേശികളായ രാഹുൽ (29), അനിൽ (28), റീന (24) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.

കോവളം ഭാഗത്തുനിന്നും വേഗതയിൽ എത്തിയ കാർ വെള്ളാർ ജംഗ്ഷൻ എത്തുന്നതിന് തൊട്ടു മുമ്പ് നിയന്ത്രണം വിട്ട് വലതുവശത്തേക്ക് ഇടിച്ച് കയറി എതിർവശത്തെ വൺവേ റോഡിലെ ഡിവൈഡറും തകർത്ത് തലകീഴായി മറിയുകയായിരുന്നു.

 ഈ സമയം മറുവശത്തെ റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിഴിഞ്ഞത്ത് നിന്നും ഫയർ ഫോഴ്സ് യൂണിറ്റും കോവളം പൊലീസും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

സംഭവ സമയം വെള്ളാർ വാർഡിലെ ഉപ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും മേയർ ആര്യ രാജേന്ദ്രനും അപകട സ്ഥലത്ത് എത്തിയിരുന്നു.
Previous Post Next Post