കേരളത്തിൽ ജയിച്ചാൻ ഇന്ത്യയിൽ ജയിച്ചുവെന്ന് ഖാർഗെ; കഴിഞ്ഞ തവണ പിന്നെ എന്ത് സംഭവിച്ചുവെന്ന് സോഷ്യൽ മീഡിയ


തൃശൂർ: തൃശൂരിൽ നടന്ന മഹാജനസഭയോടെ കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം.

 കേരളത്തിൽ ജയിച്ചാൽ ഇന്ത്യയിൽ കോൺഗ്രസ് ജയിച്ചുവെന്നും ഇവിടെ ബി.ജെ.പിയുടേയോ മറ്റ് പ്രാദേശിക പാർട്ടികളുടെയോ പതാക ഉയരാൻ അനുവദിക്കരുതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഫെഡറൽ സംവിധാനങ്ങൾ നിലനിൽക്കണമെങ്കിൽ ബിജെപിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിനെതിരെ ഖാർഗെ മൗനം പാലിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് സിപിഎമ്മിന് എതിരായ വിമർശനമാണ്.

 ഖാർഗെയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു. കഴിഞ്ഞ തവണ 19 സീറ്റ് കേരളത്തിൽ നിന്ന് ലഭിച്ചിട്ടും കോൺഗ്രസ് ഇന്ത്യയിൽ എന്തേ ജയിക്കാഞ്ഞത് എന്ന പരിഹാസവും ഉയരുന്നുണ്ട്.

അതേസമയം, എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കേന്ദ്ര സർക്കാർ ദുർബലപ്പെടുത്തുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇ.ഡിയെയും സി.ബി.ഐയെയും ആദായ നികുതി വകുപ്പിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെയും ബംഗാൾ മുതൽ ഗുജറാത്ത് വരെയും കോൺഗ്രസുണ്ട്. മറ്റുള്ളവർ രാജ്യത്തിന്റെ ഏതാനും ഭാഗത്തേയുള്ളൂ. 

മോദി സർക്കാരിന്റെ നയങ്ങൾ ന്യൂനപക്ഷങ്ങളെയും വനിതകളെയുമാണ് കൂടുതൽ ബാധിച്ചത്. യുവാക്കൾ തൊഴിൽ രഹിതരായി. സ്വകാര്യ, പൊതു സഹകരണ മേഖലകൾ ഒന്നിച്ചുപ്രവർത്തിക്കുന്ന സമ്പദ്ഘടനയാണ് നെഹ്രു വിഭാവനം ചെയ്തത്.

 പൊതുമേഖലാ സ്ഥാപനങ്ങൾ ദശലക്ഷങ്ങൾക്ക് തൊഴിൽ നൽകി. പിന്നാക്ക, ദളിത് വിഭാഗങ്ങൾക്ക് തൊഴിലിലൂടെ മുന്നോട്ടുവരാനായി. എന്നാൽ മോദി സ്വകാര്യമേഖലയ്ക്കായാണ് നിലകൊള്ളുന്നത്. മറ്റ് മേഖലകളെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
Previous Post Next Post