അനിലും ഗൗതവും മുങ്ങിത്താഴ്ന്നപ്പോൾ പെൺകുട്ടികൾ പുഴയിലേക്ക് ചാടി; കണ്ണീരായി കുടുംബാംഗങ്ങളുടെ വേർപാട്



പത്തനംതിട്ട: റാന്നിയിൽ പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ മരിച്ചത് ഒരേ കുടുംബത്തിലെ അംഗങ്ങൾ. അച്ഛനും മകനും സഹോദര പുത്രിയും. മൂന്നുപേരുടെയും മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി കണ്ടെത്തി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണൻ എംഎൽഎ, ജില്ലാ പോലീസ് സൂപ്രണ്ട്, പോലീസ് ഉദ്യോഗസ്ഥർ ഫയർ ഫോഴ്സ്, തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രകാശ് കുഴികാല, സന്തോഷ്, അനിത അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ജനപ്രതിനിധികൾ ഗ്രാമപഞ്ചായത്ത് വില്ലേജ് ഉദ്യോഗസ്ഥർ, റാന്നി താലൂക്ക് ഹോസ്പിറ്റൽ ഡോക്ടേഴ്സ് ജീവനക്കാർ എന്നിവർ, അപകടം നടന്ന പമ്പ് ഹൗസിനോട് ചേർന്ന് സ്ഥലത്തും, റാന്നി താലൂക്ക് ആശുപത്രിയിലും എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം അനിലും രണ്ട് പെൺമക്കളും സഹോദരപുത്രൻ ഗൗതം സുനിലും ചന്തക്കടവ് ഭാഗത്ത് കുളിക്കാനായി എത്തിയപ്പോൾ നദിയിൽ ആഴം കൂടുതലാണെന്നും ഇറങ്ങരുതെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന്‌ പറയുന്നു. എന്നാൽ അനിലും ഗൗതമും നദിയിൽ ഇറങ്ങുകയും മുങ്ങിത്താഴുകയുമായിരുന്നു. ഇത് കണ്ട് പെൺകുട്ടികൾ ബഹളം വെക്കുകയും നദിയിലേക്ക് ചാടുകയുമായിരുന്നു.

റാന്നി - വൈക്കം പുതുശേരിമല സ്വദേശികളായ ഇവർ ഉച്ചയ്ക്ക് ശേഷം പമ്പ് ഹൗസിന് സമീപം കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപെടുകയായിരുന്നു. അനിൽകുമാർ, മകൾ നിരഞ്ജന, സഹോദരപുത്രൻ ഗൗതം സുനിൽ എന്നിവരാണ് നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്.

ഉടൻതന്നെ പ്രദേശവാസികൾ സാരി എറിഞ്ഞുകൊടുത്ത് ഒരു പെൺകുട്ടിയെ രക്ഷിച്ചു. നിരഞ്ജനക്കും സാരി എറിഞ്ഞ് നൽകിയെങ്കിലും കുട്ടി അത് അവഗണിച്ച് പിതാവിനെയും സഹോദരനെയും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഏറെ ആഴവും ശക്തമായ ഒഴുക്കുമുള്ള ഇവിടെ നിരഞ്ജനയും മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

أحدث أقدم