ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി അനന്തപുരി…


തിരുവന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാലയ്‌ക്കുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിക്കാനായി ഭക്തജനങ്ങൾ തലസ്ഥാന നഗരിയിൽ എത്തിക്കഴിഞ്ഞു

രാവിലെ 10ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ട് അവസാനിക്കുന്നതോടെ പൊങ്കാല ചടങ്ങുകളിലേക്ക് കടക്കും. 10. 30 ന് ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് ക്ഷേത്രം ക്ഷേത്ര മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് കൈമാറും. തുടർന്ന് അദ്ദേഹം പണ്ടാരയടുപ്പിൽ തീ പകരും. ശേഷം അതേ ദീപം സഹമേൽശാന്തിമാർക്ക് കൈമാറും. തുടർന്ന് ക്ഷേത്ര തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തും തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പുകളിലും തീ പകരും. തുടർന്ന് ഈ ദീപമാണ് ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഭക്തർക്ക് പകർന്ന് നൽകുന്നത്.

ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. 26-ന് രാത്രി 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി മഹോത്സവം സമാപിക്കും.
Previous Post Next Post