കെട്ടിട പെർമിറ്റിന് കൈക്കൂലിയായി പുത്തൻ ലാപ്‌ടോപ്പ്; വനിതാ റവന്യൂ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ



തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന് ലാപ്പ്‌ടോപ്പ് കൈക്കൂലിയായി വാങ്ങിയ റവന്യൂ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ.  ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ മായ വി.എസിനെയാണ് നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്‌പെൻഡ് ചെയ്തത്.

നഗരത്തിലെ പ്രമുഖ ബിൽഡറുടെ കെട്ടിടത്തിന് പെർമിറ്റ് റെഡിയാക്കാൻ കെ-സ്മാർട്ടിന്റെ പ്രശ്‌നമാണെന്നും കംപ്യൂട്ടറോ ലാപ്‌ടോപ്പോ സജ്ജീകരിച്ചിട്ടില്ലെന്നും റവന്യൂ ഇൻസ്‌പെക്ടർ അറിയിച്ചു. ഒരു ലാപ്‌ടോപ് സമ്മാനമായി നൽകിയാൽ പെർമിറ്റ് ഉടൻ ശരിയാക്കാമെന്ന് ഫോണിൽ പറഞ്ഞതിന് പിന്നാലെ ബിൽഡർ 50,000 രൂപ വിലയുള്ള ലാപ്‌ടോപ് ഇവർക്ക് നൽകി.

എന്നാൽ ദിവസങ്ങൾക്കുശേഷം ബിൽഡറുടെ ഫോണിൽ നിന്ന് റവന്യൂ ഇൻസ്‌പെക്ടർ ലാപ്‌ടോപ് ആവശ്യപ്പെടുന്ന ഓഡിയോ ക്‌ളിപ്പ് പുറത്തായതോടെയാണ് സെക്രട്ടറിതലത്തിൽ അന്വേഷണം നടത്തി സസ്‌പെൻഡ് ചെയ്തത്. ബിൽഡർ പരാതിയൊന്നും നൽകിയിട്ടില്ല.സംഭവം വിവാദമായതോടെ റവന്യൂ ഇൻസ്‌പെക്ടർ ലാപ്‌ടോപ് ബിൽഡർക്ക് തിരികെ നൽകി.

ഐ.എഫ്.എസുകാരനോടും കൈക്കൂലികെട്ടിട പെർമിറ്റിനുവേണ്ടി ഉള്ളൂർ സോണൽ പരിധിയിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥനോടും ഇവർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥൻ കളക്ടർക്ക് പരാതി നൽകിയതിൽ അന്വേഷണം നടന്നുവരികയാണ്.
Previous Post Next Post