വൈദികന് നേരെ പള്ളിമുറ്റത്ത് വാഹനത്തിലെത്തിയുള്ള ആക്രമണം അപലപനീയം: കേരള കൗൺസിൽ ഓഫ് ചർച്ചസ്



തിരുവല്ല: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണന്നും സർക്കാർ  ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പള്ളിയിൽ വിശുദ്ധ കുർബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അൻപതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിൻതൊട്ടിയിൽ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ ഇരപ്പിക്കുകയും ചെയ്തത് മതസ്വാതന്ത്ര്യത്തിൻ്റെയും ആരാധാനാവകാശങ്ങളുടെയും മേലുള്ള കടന്നുകയറ്റമാണ്.

പൂഞ്ഞാർ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിർത്ത വൈദികനു നേരെയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്.  സർക്കാരും നിയമ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം. ശാന്തമായി സമൂഹത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തി നിശബ്ദരാക്കാനും ഉന്മൂലനം ചെയ്യുവാനും ആഗോളതലത്തിൽ തന്നെ നടക്കുന്ന ഭീകര സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന രീതിയിലുള്ള ഇപ്രകാരമുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാൻ സർക്കാർ പരാജയപ്പെട്ടാൽ കേരളത്തിൻറെ മതസൗഹാർദ്ദ അന്തരീക്ഷം തകർക്കുന്നതിന് അത് കാരണമാകും.

ക്രൈസ്തവ സമൂഹത്തിന് നേരെയും വിശ്വാസത്തിനു നേരെയും മുൻപ് വെല്ലുവിളി ഉണ്ടായപ്പോൾ ശക്തമായ നടപടികൾ എടുത്ത് മുൻപോട്ടു പോകുന്നതിന് തയ്യാറാകാതിരുന്നതാണ് ഇപ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. അതിനാൽ മേലിൽ ഇപ്രകാരം സംഭവിക്കാതിരിക്കുവാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Previous Post Next Post