ഡിസ്ട്രീക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി ഹിയറിങ്; തിരുനക്കര ബസ് സ്റ്റാന്റിലൂടെ ബസുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ കടത്തിവിടും




കോട്ടയം: തിരുനക്കരയിലെ പൊളിച്ചു നീക്കിയ നഗരസഭ ബസ്സ്റ്റാന്റിനുള്ളിലൂടെ ബസ്സുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടത്തിവിടുമെന്ന് കോട്ടയം മുനിസിപ്പാലിറ്റി സെക്രട്ടറി ഡിസ്ട്രീക്ട് ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയെ (ഡിഎല്‍എസ്എ) അറിയിച്ചു. 

തിരുനക്കര ബസ്സ്റ്റാന്‍ഡ് പൊളിച്ചു മാറ്റിയതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗതക്കുരുക്കില്‍ ഡിഎല്‍എസ്എ എടുത്ത കേസിന്റെ ഹിയറിങ്ങിലാണ് കോട്ടയം മുനിസിപ്പാലിറ്റി സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. ഡിഎല്‍എസ്എ സെക്രട്ടറി സബ് ജഡ്ജ് രാജശ്രീ രാജഗോപാല്‍ ആണ് കേസ് പരിഗണിച്ചത്. 
രണ്ട് ബസ് ബേകളും, താല്‍ക്കാലിക വെയിറ്റിങ് ഷെഡും ബസ് സ്റ്റാന്റിനുള്ളില്‍ നിര്‍മിക്കും. ബാക്കിയുള്ള സ്ഥലം പ്രത്യേകമായി തിരിച്ച് പാര്‍ക്കിങ്ങിന് ഉപയോഗിക്കും. 

കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാര്‍ച്ച് ഒന്നിന് മുമ്പായി നീക്കം ചെയ്യും.
ഹിയറിങില്‍ കളക്‌ട്രേറ്റിലെ സൂപ്രണ്ട് ജയശ്രീ കൃഷ്ണകുമാരി, എസ്പി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍, ഡിഎല്‍എസ്എ പിഎല്‍വിമാരായ ടി.യു. സുരേന്ദ്രന്‍, സുരേഷ് കുമാര്‍ ആര്‍., പ്രൊഫ. അബ്രഹാം സെബാസ്റ്റ്യന്‍, എബ്രഹാം പി.ഐ., എം.കെ. അബ്ദുള്‍ ലത്തീഫ്, ലീഗല്‍ അസിസ്റ്റന്റ്് ശില്പ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post