കണ്ണൂരിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു; സംഭവം തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുവരുന്നതിനിടെ




കണ്ണൂർ : പന്നിയാമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവ ചത്തു. തൃശ്ശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുവരുന്നതിനിടെ ആയിരുന്നു സംഭവം. ഇന്നലെയാണ് കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് പിടികൂടിയത്.

രാവിലെയോടെയായിരുന്നു സംഭവം. പ്രത്യേക വാഹനത്തിൽ തൃശ്ശൂരിലേക്ക് കൊണ്ടുവരുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. മരണകാരണം കണ്ടെത്താൻ ജഡം പോസ്റ്റ്‌മോർട്ടം നടത്തും. കോഴിക്കോട് വച്ചാകും പോസ്റ്റ്‌മോർട്ടവും സംസ്‌കാരവും. കടുവയുടെ ഒരു പല്ല് പോയിട്ടുണ്ടെന്നും, കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ കടുവയ്ക്ക് ഇല്ലെന്നുമായിരുന്നു ഇന്നലെ അധികൃതർ അറിയിച്ചത്. പെട്ടെന്ന് കടുവ ചത്തത് അധികൃതരിലും ആശ്ചര്യമുളവാക്കിയിട്ടുണ്ട്. രാത്രി എട്ടരയോടെയായിരുന്നു കടുവയുമായി അധികൃതർ യാത്ര തിരിച്ചത്.

ഇന്നലെ രാവിലെയോടെയായിരുന്നു സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങിയത്. റബ്ബർ തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഉടനെ വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടി.

കടുവയെ കണ്ണവം വനമേഖലയിലേക്ക് അയക്കാൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് കടുവയെ മൃഗശാലയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
Previous Post Next Post