ഇത് ശരിയാകില്ല! രണ്ടാം ദിനവും 100 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപയോഗം; മുഖ്യമന്ത്രി യോഗം വിളിച്ചു

 


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പുകൾക്കിടയിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന  ഉന്നതതല യോഗം ചർച്ച ചെയ്യും. വൈകുന്നേരം 3 മണിക്കാണ് യോഗം ചേരുക.

രണ്ട് ദിവസവും 100 ദശക്ഷം യൂണിറ്റ് കടന്ന് കേരളത്തിലെ വൈദ്യുതി ഉപയോഗം

കൊടും ചൂട് രൂക്ഷമായി തുടരുന്നതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡും തകർത്താണ് കുതിക്കുന്നത്. തിങ്കളാഴ്ച 100.16 ദശലക്ഷം യൂണിറ്റിന്‍റെ സർവകാല റെക്കോഡ് ചൊവ്വാഴ്ച തകർന്നു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 
ആകെ 101.38 ദശക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ആവശ്യമായി വരുന്നത്. കേന്ദ്ര വിഹിതവും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനവുമെല്ലാം ചേർത്താൽ 4400 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് ഉള്ളത്. ഇതിന് അപ്പുറത്തേക്ക് ആവശ്യമുള്ള വൈദ്യുതി നിലവിൽ  കേന്ദ്ര പവർ എക്സേഞ്ചിൽ നിന്നാണ് കെ എസ് ഇ ബി വാങ്ങുന്നത്. 8 മുതൽ 12 രൂപ വരെയാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളിൽ വൈദ്യുത ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്ക് കൂട്ടൽ.

Previous Post Next Post