പ്രദർശനത്തിന് പോകും വഴി 'താനോസി'നെ കാണാനില്ല, 100 വയസുള്ള ഭീമനായി തെരച്ചിൽ



നോർത്ത് കരോലിന: ഉരഗങ്ങളുടെ പ്രദർശനത്തിന് പോകുന്ന വഴിയിൽ വാഹനത്തിൽ നിന്ന് കാണാതായത് 100 വയസ് പ്രായമുള്ള ഭീമനായി തെരച്ചിൽ ഊർജ്ജിതം. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ജാക്സൺവില്ലെയിൽ നിന്ന് ദുർഹാമിലേക്കുള്ള യാത്രയ്ക്കിടയിലാണ് താനോസ് എന്ന ജയന്റ് അലിഗേറ്റർ സ്നാപ്പിംഗ് വിഭാഗത്തിലുള്ള ആമയെ കാണാതായത്. ദുർഹാമിൽ വച്ച് നടക്കുന്ന ഉരഗങ്ങളുടെ പ്രദർശനത്തിലെ മുഖ്യ ആകർഷണ ഇനങ്ങളിലൊന്നായിരുന്നു താനോസ്.


ഡാൻ ഹെംപി എന്നയാളാണ് താനോസിന്റെ ഉടമ. ഞായറാഴ്ച ദുർഹാമിലേക്കുള്ള യാത്രയ്ക്കിടെ ഹെംപിയുടെ വാഹനത്തിലായിരുന്നു താനോസിനെ സൂക്ഷിച്ചിരുന്നത്. പ്രദർശന നഗരിയിലേക്ക് വെറും 30 മിനിറ്റ് ദൂരമുള്ളപ്പോഴാണ് താനോസിനെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെടുന്നത്. താനോസിനെ സീറ്റുമായി ബന്ധിപ്പിച്ചിരുന്ന സ്ട്രാപ്പുകൾ എല്ലാം തന്നെ തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നതെന്നാണ് ഉടമ വിശദമാക്കുന്നത്. തന്റെ ശരീരത്തിന്റെ ഒരു ഭാഗം കാണാതായത് പോലെയാണ് അനുഭവപ്പെടുന്നതെന്നാണ് ഉടമ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

നീണ്ട കൊക്ക് പോലെയുള്ള ചുണ്ടും മുതലയുടെ ശരീരത്തിന് സമാനമായ കട്ടിയേറിയ തോടുകളോടും കൂടിയവയാണ് ഈ ഇനത്തിലെ ആമകൾ. 180 പൌണ്ട് വരെ ഭാരമുള്ള താനോസിനെ 38 ഇഞ്ചാണ് നീളം. എല്ലുകൾ വരെ കടിച്ച് തുളയ്ക്കാൻ ശക്തിയുള്ളതാണ് ഇവയുടെ ചുണ്ടുകൾ. കാർ നിർത്തിയ സമയത്ത് ആരെങ്കിലും മോഷ്ടിച്ചതാവുമെന്ന ആശങ്കയിലാണ് ഉടമയുള്ളത്.

നോർത്ത് കരോലിനയിലെ തന്നെ ബെൻസണിൽ ഒരിടത്ത് ശുചിമുറിയിൽ പോകാനായി വാഹനം നിർത്തിയിരുന്നു ഇവിടെ വച്ചാവും മോഷണം നടന്നതെന്നാണ് ഹെംപി ആരോപിക്കുന്നത്. സ്ട്രാപ്പുകൾ തനിയെ അഴിച്ച് പോകാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ഉടമ വിശദമാക്കുന്നത്. വാഹനത്തിൽ നിന്ന് വീണ് പോയതാണെങ്കിൽ എവിടെയെങ്കിലും പരിക്കേറ്റ നിലയിൽ താനോസിനെ കണ്ടെത്തിയേനെയെന്നും ഹെംപി പറയുന്നു.

Previous Post Next Post