ബഹ്റൈനില്‍ നിന്ന് 1.15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍



ന്യൂഡല്‍ഹി: ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് 1.15 കോടി രൂപയുടെ സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പിടിയില്‍. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച (മാര്‍ച്ച് 13)യാണ് 2005 ഗ്രാം ഭാരമുള്ള സ്വര്‍ണം കടത്തുന്നതിനിടെ പ്രതിയെ പിടികൂടിയതെന്ന് ഡല്‍ഹി കസ്റ്റംസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണം കണ്ടെത്തിയത്.

1962ലെ കസ്റ്റംസ് ആക്ട് പ്രകാരം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ തുടരന്വേഷണം നടത്തിവരികയാണെന്നും ഡല്‍ഹി കസ്റ്റംസ് വ്യക്തമാക്കി.

ഗള്‍ഫില്‍ നിന്ന് വരുന്ന യാത്രക്കാര്‍ രാജ്യത്തേക്ക് സ്വര്‍ണം കടത്തുന്നതിനിടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതരുടെ പിടിയിലാവുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച (മാര്‍ച്ച് 7) അബുദാബിയില്‍ നിന്ന് മുംബൈ വഴി എത്തിയ വിമാനത്തിന്റെ മുന്‍വശത്തെ ടോയ്ലറ്റില്‍ നിന്ന് 1.61 കോടിയിലധികം വിലമതിക്കുന്ന 2822 ഗ്രാം സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

Previous Post Next Post