മോദി വാരാണസിയിൽനിന്ന് മത്സരിക്കും; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടികയിൽ 195 പേർ

 


ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി. 195 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്നും മത്സരിക്കും. ഡൽഹിയിൽ ബിജപി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി വിനോജ് താവ്‍ദെ ആണ് പ്രഖ്യാപനം നടത്തിയത്.

ആദ്യഘട്ട സ്ഥാനാ‍ർഥി പട്ടികയിൽ കേന്ദ്രമന്ത്രിമാരും കേന്ദ്ര സഹമന്ത്രിമാരും ഉൾപ്പെടെ 34 പേ‍ർ ഉൾപ്പെടുന്നു. പട്ടികയിൽ 28 വനിതകളും 47 യുവ നേതാക്കളും ഉൾപ്പെടുന്നു. ഉത്ത‍ർപ്രദേശിലെ 51 സീറ്റുകളിലെയും പശ്ചിമ ബംഗാളിലെ 20 സീറ്റുകളിലെയും ഡൽഹിയിലെ അഞ്ച് സീറ്റുകളിലെയും ഗോവ, ത്രിപുര എന്നിവിടങ്ങളിലെ ഓരോ സീറ്റിലെയും സ്ഥാനാ‍ർഥികളെ ബിജെപി പ്രഖ്യാപിച്ചു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഇത്തവണ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളാണ് ലക്ഷ്യം വെക്കുന്നത്. 2019ൽ എൻഡിഎ 353 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപി മാത്രം 303 സീറ്റുകളാണ് നേടിയത്.

ആദ്യഘട്ട സ്ഥാനാർഥി പട്ടിക അന്തിമമാക്കാനായി വ്യാഴാഴ്ച രാത്രി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. സ്ഥാനാർഥികൾക്ക് പ്രചാരണം നയിക്കാൻ മതിയായ സമയം ലഭിക്കുമെന്ന് കണ്ടാണ് നേരത്തെ തന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചത്. നേരത്തെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സമാന തന്ത്രം പ്രയോഗിച്ചിരുന്നു.

Previous Post Next Post