ജിദ്ദ: സൗദി അറേബ്യയിലെ മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവാവ് ഇന്ത്യക്കാരിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ യുവതിയും മക്കളും പുതിയ ഭാര്യയും പ്രാണരക്ഷാര്‍ത്ഥം മക്കയില്‍ നിന്ന് ഒളിച്ചോടി ജിദ്ദയില്‍ കഴിയുകയാണ്. മകളെയും മൂന്ന് പേരക്കുട്ടികളെയും എത്രയും വേഗം രക്ഷിക്കാന്‍ യുവതിയുടെ മാതാവ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി.
മക്കയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അലി ഹുസൈന്‍ അസീസുല്‍ റഹ്‌മാന്‍ എന്ന ബംഗ്ലാദേശിയാണ് ഹൈദരാബാദ് സ്വദേശിനി സബാ ബീഗത്തെ വിവാഹം കഴിച്ചിരുന്നത്. ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്.
അടുത്തിടെ ഇയാള്‍ 17 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയായ സാദിയ അക്തര്‍ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും ഇതോടെ സബാ ബീഗത്തിന്റെയും മക്കളുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലായെന്നും ഇന്ത്യയിലുള്ള ഇവരുടെ മാതാവ് സബീറ ബീഗം പറയുന്നു. 20,000 റിയാലിന് ബംഗ്ലാദേശ് പെണ്‍കുട്ടിയെ അലി ഹുസൈന്‍ വാങ്ങിയതാണെന്ന് സബാ ബീഗം കണ്ടെത്തിയെന്നും മാതാവ് പറഞ്ഞു.
സബീറ ബീഗം കേന്ദ്ര സര്‍ക്കാരിന് അയച്ച കത്ത് മാര്‍ച്ച് ഹൈദരാബാദിലെ എംബിടി (മജ്‌സില് ബചാവോ തെഹ്‌രീക്) വക്താവും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമായ അംജദുല്ലാ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ശരീരമാസകലം ക്രൂരമര്‍ദ്ദനമേറ്റ് ചോര വാര്‍ന്ന നിലയില്‍ യുവതിയുടെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ അംജദുല്ലാ ഖാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തും അലി ഹുസൈന്റെയും ഇവരുടെ മൂന്ന് മക്കളുടെയും 17കാരിയായ പുതിയ ഭാര്യയുടെയും ചിത്രങ്ങളും എക്‌സില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി.
സബാ ബീഗത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സ്ത്രീധനമായി വേണ്ടത്ര സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മൊഴിചൊല്ലുകയായിരുന്നു. പിന്നീടാണ് മക്കയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അലി ഹുസൈനുമായി വിവാഹം ഉറപ്പിച്ചത്. 2013 ഡിസംബര്‍ 21ന് നിക്കാഹ് നടത്തി. 2014 ഫെബ്രുവരി 4ന് ഉംറ വിസയില്‍ വധുവിനൊപ്പം മാതാവും സൗദിയിലെത്തി. ഉംറ വിസയുടെ കാലാവധി കഴിയുമ്പോഴേക്കും മകള്‍ക്ക് ഇഖാമയെടുക്കുമെന്ന് പറഞ്ഞത് പ്രകാരം മാതാവ് സബാ ബീഗത്തെ അവിടെ നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങി.
വിവാഹം കഴിഞ്ഞതു മുതല്‍ സബയ്ക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും ക്രൂരമായി ആക്രമിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. വീട്ടുകാരുമായി ബന്ധപ്പെടാനും അനുവദിച്ചിരുന്നില്ല. ഇതിനിടയില്‍ അവള്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കി. അബ്ദുള്ള (11). ഖദീജ (9), ആയിഷ (4) എന്നിവരാണ് മക്കള്‍.