രാജ്യം മാറ്റം ആഗ്രഹിക്കുന്നു; 'മോദിയുടെ ഗ്യാരണ്ടി' പാഴാകും; 2004 ആവര്‍ത്തിക്കുമെന്ന് ഖാര്‍ഗെ



ന്യൂഡല്‍ഹി: രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'മോദിയുടെ ഗ്യാരണ്ടി' മുദ്രാവാക്യം പാഴാകും. 2004 ലെ സാഹചര്യം ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് അംഗീകാരം കൊടുക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യവുമായിട്ടാണ് 2004 ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം നിലനിര്‍ത്താനായി തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേഫലമാകും ഇത്തവണ ബിജെപിയെ കാത്തിരിക്കുന്നത്. ഇന്ത്യ മാറ്റം തേടുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വീടുകളിലും എത്തിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രകടന പത്രികയിലെ നിര്‍ദേശങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും കഴിയുന്നത്ര പ്രചാരം നല്‍കണം. പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അധികാരം ലഭിച്ചാല്‍ നടപ്പാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉറപ്പു നല്‍കി.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രഖ്യാപിച്ച അഞ്ച് ന്യായ് പദ്ധതികള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ഹൈലൈറ്റ് എന്നാണ് സൂചന. പ്രകടനപത്രികയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രകടനപത്രിക ഇന്നോ നാളെയോ കോണ്‍ഗ്രസ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Previous Post Next Post