പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു.
ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിഷു ജോസഫ്, അനു. എസ്.ജെ, പ്രിവന്റ്‌റീവ് ഓഫീസര്‍ അനില്‍കുമാര്‍ ടി. എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതേഷ്. പി എന്നിവര്‍ ഉണ്ടായിരുന്നു.
അതേസമയം, എക്‌സൈസും പൊലീസും സംയുക്തമായി നടത്തിയ മറ്റൊരു റെയ്ഡില്‍ 5.15 കിലോഗ്രാം കഞ്ചാവും 38.856 ഗ്രാം മെത്താംഫിറ്റമിനും പിടികൂടി. ഓങ്ങല്ലൂര്‍ പരുത്തി സ്വദേശി ബാബുരാജ് ആണ് ലഹരിമരുന്നുമായി അറസ്റ്റിലായത്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ നേരിടാന്‍ ബാബുരാജ് വിദേശയിനം നായകളെ വളര്‍ത്തിയിരുന്നു. കുളപ്പുള്ളി, പരുത്തിപ്ര, വാടാനാംകുറുശ്ശി ഭാഗങ്ങളില്‍ യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് ബാബുരാജ്. ഇയാളുടെ വീട്ടില്‍ നിന്ന് മാരകായുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാലക്കാട് ഡെപ്യുട്ടി എക്‌സൈസ് കമ്മീഷ്ണര്‍ വി. റോബര്‍ട്ടിന്റെ നിര്‍ദ്ദേശാനുസരണം ഒറ്റപ്പാലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ വിജേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും, ഷൊര്‍ണ്ണൂര്‍ പൊലീസ് എസ്എച്ച്ഒ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയ്ഡില്‍ പങ്കെടുത്തു.