സുല്‍ത്താന്‍ ബത്തേരി: കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പാളി. പതിനായിരം രൂപ വാങ്ങി കാറില്‍ എം ഡി എം എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി എം മോന്‍സി(30) യെയാണ് എസ് ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വില്‍പനക്കായി ഒ എല്‍ എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്‍റെ റൂഫില്‍ എം ഡി എം എ ഒളിപ്പിച്ചുവെച്ച് പൊലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പൊലീസ് പൊളിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം ഡി എം എ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു.
എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതിനിടെ ദമ്പതികള്‍ എവിടുന്നാണ് വരുന്നതെന്ന് കാര്യം പൊലീസ് ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഒ എല്‍ എക്സില്‍ വില്‍പ്പനക്കിട്ട കാര്‍ ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കി. എന്നാല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് നമ്പറിന്‍റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്.
ശ്രാവണ്‍ എന്നത് ഇപ്പോള്‍ പിടിയിലായ മോന്‍സിയുടെ കള്ളപേരാണ് എന്ന കാര്യവും പൊലീസിന് ബോധ്യമായി. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ (26) ക്ക് ദമ്പതികളോടുള്ള വിരോധം മുലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിയെ പണം നല്‍കി കാറില്‍ എം ഡി എം എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നൗഫല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജ്മല്‍, പി ബി അജിത്ത്, നിയാദ്, സീത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.