കെഎസ്ആർടിസി ബസിൽ നാല് തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റടിച്ച് കണ്ടക്ടർ

 


ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ ബസിൽ യാത്രക്കാർ കൂട്ടിലാക്കി കൊണ്ടുപോയ നാല് തത്തകൾക്ക് 444 രൂപയുടെ ടിക്കറ്റടിച്ച് കണ്ടക്ടർ. ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് യാത്ര ചെയ്ത സ്ത്രീയും കൊച്ചുമകളുമാണ് നാല് തത്തകളെ കൂട്ടിലാക്കി കൂടെക്കൂട്ടിയത്. നാല് തത്തകളെയും ഓരോ യാത്രക്കാരായി കണക്കാക്കിയാണ് കണ്ടക്ടർ ടിക്കറ്റടിച്ചത്. ഒരു തത്തയ്ക്ക് 111 രൂപയുടെ ടിക്കറ്റാണ് യാത്രക്കാരിൽനിന്ന് ഈടാക്കിയത്.

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് നാല് തത്തകളുമായി കെഎസ്ആർടിസിയുടെ നോൺ പ്രീമിയം ബസിൽ യാത്ര ചെയ്യുകയായിരുന്നു സ്ത്രീയും കൊച്ചുമകളും. സംസ്ഥാന സർക്കാരിൻ്റെ ശക്തിയോജന പ്രകാരം, ഇരുവരും സ്ത്രീകളായതിനാൽ യാത്രാ നിരക്ക് സൗജന്യമാണ്. എന്നാൽ ഇരുവ‍ർക്കും ഒപ്പമുണ്ടായിരുന്ന തത്തകൾക്ക് കണ്ടക്ടർ ടിക്കറ്റടിക്കുകയായിരുന്നു. ഓരോ തത്തയെ ഓരോ യാത്രക്കാരായി കണക്കാക്കിയാണ് ടിക്കറ്റടിച്ചത്. ഒരു തത്തയ്ക്ക് 111 രൂപ പ്രകാരം, നാല് തത്തകൾക്ക് മൊത്തം 444 രൂപയുടെ ടിക്കറ്റ് യാത്രക്കാർക്ക് നൽകി. ടിക്കറ്റിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കണ്ടക്ടറുടെ നടപടിയിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണം ഉയരുന്നുണ്ട്. കണ്ടക്ട‍ർ നിയമം പാലിച്ചുവെന്ന് ഒരാൾ എക്സിൽ കുറിച്ചു. ബസ് മനുഷ്യ‍ർക്കുവേണ്ടിയാണെന്നും മൃഗങ്ങൾക്ക് ഉള്ളതല്ലെന്നും ഇരട്ടിത്തുക ഈടാക്കേണ്ടതാണെന്നും മറ്റൊരാൾ കണ്ടക്ടറെ അനുകൂലിച്ചു പ്രതികരിച്ചു. ഇത് തികച്ചും തമാശയായി കാണുന്നുവെന്നാണ് മറ്റൊരാളുടെ പ്രതികരണം.

കർണാടക ആർടിസി ബസുകളിൽ പക്ഷികളെയും വളർത്തുമൃഗങ്ങളയും കൂടെക്കൂട്ടി യാത്ര ചെയ്താൽ കുട്ടികൾക്ക് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് അവയ്ക്ക് നൽകേണ്ടതുണ്ട്. തുക നൽകാൻ തയ്യാറാകാത്ത യാത്രക്കാ‍ർക്കെതിരെ പിഴ ചുമത്താൻ ബസ് ജീവനക്കാർക്ക് അധികാരമുണ്ട്. അതോടൊപ്പം കണ്ടക്ട‍ർ ടിക്കറ്റ് നിരക്ക് ഈടാക്കിയില്ലെങ്കിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ വരെ മേലുദ്യോഗസ്ഥർക്ക് സാധിക്കും. കർണാടകത്തിൽ സിറ്റി, സബർബൻ, ഓർഡിനറി തുടങ്ങിയ നോൺ പ്രീമിയം ബസുകളിൽ മാത്രമാണ് നിബന്ധനകൾ പാലിച്ചു പക്ഷികളെയും വളർത്തുമൃഗങ്ങളെയും കൂടെക്കൂട്ടി യാത്രചെയ്യാൻ സാധിക്കുക.

Previous Post Next Post