തിരുവനന്തപുരം: കേരളത്തിലെ 9 ജില്ലകളിൽ 4 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ 9 ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്
2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.