പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത ആര്‍സി ഉടമയായ അമ്മയ്ക്ക് 50000 രൂപ പിഴ ചുമത്തി. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്മത്തിനാണ് തളിപ്പറമ്പ് പോലീസാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ ആര്‍സി ഉടമ റഹ്മത്താണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അരലക്ഷം രൂപയും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയും ഉള്‍പ്പെടെ 55,000 രൂപ അടക്കാന്‍ നിര്‍ദേശിച്ചത്.
റഹ്മത്തിന്റെ 14 വയസുള്ള മകന്‍ കഴിഞ്ഞ ദിവസം കാല്‍നടയാത്രക്കാര്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍ കാക്കാഞ്ചാലില്‍ സ്‌കൂട്ടര്‍ ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തളിപ്പറമ്പ് ട്രാഫിക്ക് എസ്‌ഐ ഷിബു എഫ് പോള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാജ്യത്തെ നിയമപ്രകാരം 18 വയസാകുമ്പോള്‍ ആര്‍ക്കും ലൈസന്‍സെടുക്കാമെങ്കിലും പ്രായപൂര്‍ത്തിയാകും മുമ്പ് ലൈസന്‍സില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിനാല്‍ റഹ്മത്തിന്റെ മകന് ഇനി 25 വയസ് പൂര്‍ത്തിയായ ശേഷം മാത്രമേ ലൈസന്‍സെടുക്കാന്‍ സാധിക്കൂ.