കോട്ടയം നഗരത്തില്‍ സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്കിലോമീറ്ററിന് 6 രൂപ മതിയാകില്ല, 10 രൂപയായി ഉയർത്തണം

 


കോട്ടയം നഗരത്തില്‍ സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്. 18 മണിക്കൂർ നേരത്തേക്കാണ് തൊഴിലാളികൾ പണി മുടക്കിയിരിക്കുന്നത്. പണിമുടക്കി അതെസമയം ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്കിനോട് നിസ്സഹകരിക്കുന്നുമുണ്ട്. കമ്പനി ഇന്നത്തേക്ക് പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 17 ഓർഡർ പൂർത്തിയാക്കുന്നവർക്ക് 650 രൂപയാണ് ഇൻസെന്റീവ്.


ഓർഡർ പേയ്മെന്റ് കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യവുമായാണ് സമരം.
സിഐടിയുവിന്റെ പിന്തുണയോടെയാണ് മുന്നൂറിലധികം പേർ പണിമുടക്കുന്നത്. കഴിഞ്ഞദിവസം സൊമാറ്റോ അധികൃതർ ഡെലിവറി തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. ലേബർ ഓഫീസറുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ സൊമാറ്റോ വിസമ്മതിച്ചു. ഇതോടെയാണ് സൂചന സമരം നടത്താൻ തൊഴിലാളികൾ തയ്യാറാകുന്നത്.
കിലോമീറ്ററിന് നിലവിൽ ആറ് രൂപയാണ് നൽകിവരുന്നത്. ഇത് പത്തായി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. ദിവസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. 14 മണിക്കൂർ ജോലി ചെയ്താലാണ് ഇൻസെന്റീവ് ലഭിക്കുക. ഇത് 9 മണിക്കൂറായി താഴ്ത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
ഇന്ന് രാവിലെ ആറുമണിക്ക് പണിമുടക്ക് ആരംഭിച്ചു. രാത്രി 12 മണി വരെയാണ് സമരം . അധികൃതരെ മുൻകൂട്ടി അറിയിച്ചാണ് സമരം നടത്തുന്നത്.

ഒരുദിവസം മാത്രം വൻ ഇൻസെന്റീവ് നൽകി പണിമുടക്ക് തകർക്കാൻ അനുവദിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു.
Previous Post Next Post