കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർണം; തൃപ്പൂണിത്തുറ സ്റ്റേഷന് രാജനഗരിയുടെ പ്രൗഢി; ആലുവയിൽനിന്ന് ടിക്കറ്റ് നിരക്ക് 60 രൂപ മാത്രം

 


കൊച്ചി: ഒടുവിൽ രാജനഗരിയായ തൃപ്പൂണിത്തുറയിലേക്കും കൊച്ചി മെട്രോ എത്തുകയാണ്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ. രാജനഗരിയുടെ പ്രൗഢിയോടെ ഒരുങ്ങിയിരിക്കുന്ന സ്റ്റേഷൻ ഈ മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുകയാണ്. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് കർമം.

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ്റെ പ്രത്യേകതകൾ


മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ചകളാണ് മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻതന്നെ പൊതുജനങ്ങൾക്കായി തുറന്നുനൽകും. യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇൻ്റീരിയർ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകമുണ്ട്.

1.35 ലക്ഷം ചതുരശ്രയടി


1.35 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ. ഇതിൽ 40,000 ചതുരശ്രയടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജങ്ഷൻ - തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്.

കൊച്ചി മെട്രോ ഒന്നാം ഘട്ടം: 28.125 കിലോമീറ്റർ


എസ്എൻ ജങ്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണ് ഫേസ് 1- ബി. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്.

ആലുവ - തൃപ്പൂണിത്തുറ ടിക്കറ്റ് നിരക്ക്


ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ആലുവ - എസ്എൻ ജങ്ഷൻ യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും ആലുവ - തൃപ്പൂണിത്തുറ യാത്രാ നിരക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരക്കിൽ മാറ്റം വരുത്താൻ കൊച്ചി മെട്രോയ്ക്ക് ആലോചനയില്ല.

Previous Post Next Post