റിയാദ്: 2017 മുതല്‍ ഏര്‍പ്പെടുത്തിയ ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. ആശ്രിത ലെവി ഉള്‍പ്പെടെ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016ല്‍ എടുക്കേണ്ടിവന്നുവെന്നും ഇപ്പോള്‍ ലെവി ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചുവരികയാണെന്നും മന്ത്രി വെളിപ്പെടുത്തി.
'സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങള്‍ക്ക് പിന്നില്‍' എന്ന വിഷയത്തില്‍ തമാനിയ (18) പോഡ്കാസ്റ്റ് ചാനലിനോട് സംസാരിക്കുകയായിരുന്നു ധനന്ത്രി. സൗദി അറേബ്യയിലെ വിദേശികളുടെ കൂടെ കഴിയുന്ന കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും താമസ രേഖ ലഭിക്കുന്നതിന് ഈടാക്കിയിരുന്ന പ്രതിമാസ നികുതിയാണ് ആശ്രിത ലെവി എന്ന പേരില്‍ അറിയപ്പെടുന്നത്.
ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്ക് 3, 6, 9, 12 മാസത്തേക്ക് ഇഷ്ടാനുസരം താമസരേഖ ലഭിക്കും. സമാനമായ രീതിയില്‍ പുതുക്കാനും കഴിയും. രാജ്യത്ത് കഴിയുന്ന ഓരോ മാസത്തിനും ആശ്രിതരില്‍ ഒരാള്‍ക്ക് പ്രതിമാസം 400 റിയാലാണ് ലെവി നല്‍കേണ്ടത്. ഒരാളുടെ പേരില്‍ വര്‍ഷത്തില്‍ 4800 റിയാല്‍ ലെവി നല്‍കണം. മക്കള്‍ ഉള്‍പ്പെടെ കൂടെ കഴിയുന്നവരുടെ ഇഖാമയ്ക്ക് ഇങ്ങനെ ഭീമമായ സംഖ്യയാണ് പ്രവാസി നല്‍കേണ്ടിവരുന്നത്.
സൗദി അറേബ്യ സമീപകാലത്ത് സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അവലോകനം ചെയ്യുന്ന പരിപാടിയിലാണ് ധനമന്ത്രി സംസാരിച്ചത്. 2015 മുതലുള്ള സാമ്പത്തിക മേഖലയിലെ പരിവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഒരു പ്രത്യേക ഘട്ടത്തിലാണ് ആശ്രിത ലെവി നിശ്ചയിച്ചത്. മൂല്യവര്‍ധിത നികുതി (വാറ്റ്), അലവന്‍സുകള്‍ നിര്‍ത്തലാക്കല്‍, ആശ്രിത ലെവി തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016ല്‍ എടുക്കേണ്ടിവന്നു.
പ്രതിഭാധനരായ വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ ആശ്രിത ലെവി ഒഴിവാക്കുന്നതിലൂടെ സാധിച്ചേക്കും. റീ എന്‍ട്രി വിസ കാലാവധിക്കുള്ളതില്‍ തിരിച്ചുവരാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം അടുത്തിടെ നീക്കിയതും കഫാല നിയമങ്ങളില്‍ സാധ്യമായ ഇളവുകള്‍ നല്‍കിയതും തൊഴില്‍ മേഖല ആകര്‍ഷകമാക്കുന്നതിനാണ്.