തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. ഐഡി കാര്‍ഡിന്റെ പരിഷ്‌കരിച്ച ഡിസൈന്‍ നോര്‍ക്ക പുറത്തിറക്കി. പ്രവാസി ഐഡി കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ ഇനി മുതല്‍ പരിഷ്‌കരിച്ച ഡിസൈനിലാണ് നല്‍കുക.
വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കഴിയുന്ന കേരളീയരായ പ്രവാസികള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. പരിഷ്‌കരിച്ച ഡിസൈന്‍ നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.
മൂന്നു വര്‍ഷത്തെ കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആണ് നല്‍കുക. ഇതിനായി നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 18 നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം.
വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റുുഡന്റ് ഐഡി കാര്‍ഡ്. ഐഡി കാര്‍ഡുകള്‍ക്കും എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡിനും മൂന്നു വര്‍ഷമാണ് കാലാവധി. അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ലോകത്തെമ്പാടുമുളള പ്രവാസികേരളീയരെ കണ്ടെത്താനും ആവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുളളതാണ് ഐഡി കാര്‍ഡ് സേവനങ്ങള്‍. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പുതിയ ഡിസൈനിലുളള കാര്‍ഡുകള്‍ ലഭ്യമാക്കും. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി സേവനങ്ങള്‍ക്ക് അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ് ഓഫീസ് ഐഡി കാര്‍ഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.