മോഷണക്കേസ് അന്വേഷണം മറ്റൊരു തലത്തിലേക്ക്, കട്ടപ്പനയിൽ പ്രതിയുടെ വീടിന് പോലീസ് കാവൽ; പുറത്തുവരാനുള്ളത് ഞെട്ടിക്കുന്ന സംഭവമോ?

 


ഇടുക്കി: മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളെക്കുറിച്ചുള്ള അന്വേഷണം ഇരട്ടക്കൊലപാതകത്തിലേക്കെന്ന് സംശയം. പ്രതികളെ ചോദ്യംചെയ്തതിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുന്നത്. പ്രതികളിലൊരാളായ വിഷ്ണു കാലൊടിഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരു പ്രതി നിതിൻ പീരുമേട് സബ് ജയിലിലുമാണ്.

ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ സംശയിക്കപ്പെടുന്ന സ്ഥലത്തെത്തിച്ച് മൃതദേഹം ഉണ്ടോയെന്നതടക്കമുള്ള പരിശോധനകൾ നടത്താനാകൂ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതു ചിലപ്പോൾ നാളെയോ തിങ്കളാഴ്ച വരെയോ നീണ്ടേക്കാം.

വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറേക്കാലമായി കാൺമാനില്ലായിരുന്നതായി കാട്ടി ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയതായും അതിനും വർഷങ്ങൾക്ക് മുൻപ് നവജാതശിശുവിനെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതുമായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. പ്രതിയുടെ അടുത്ത ബന്ധുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രതികൾ താമസിച്ചിരുന്ന കക്കാട്ടുകടയിലുള്ള വീട് ഇന്നലെ മുതൽ പോലീസ് കാവലിലാണ്. ഇന്ന് ഉച്ചയ്ക്ക് ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എംആർ മധുബാബുവിൻ്റെ നേതൃത്തിലുള്ള സംഘം കക്കാട്ടുകടയിലേയും വിഷ്ണുവും കുടുംബവും മുൻപ് താമസിച്ചിരുന്ന കട്ടപ്പനയ്ക്ക് സമീപം സാഗര ജങ്ഷന് സമീപത്തെ പഴയ വീട്ടിലും എത്തി പരിശോധന നടത്തി മടങ്ങി.

Previous Post Next Post