കോട്ടയം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ തിരിമറി നടത്തിയ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍.വെള്ളൂര്‍ കരിപ്പാടം കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ വിഷ്ണു കെ ബാബു (31) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന വിഷ്ണു 24 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
2019 മുതല്‍ 2022 വരെ സബ് ഗ്രൂപ്പ് ഓഫീസറായി ജോലി ചെയ്ത് വന്നിരുന്ന വിഷണു തിരുപൂരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭക്തജനങ്ങളില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാതെ ലക്ഷങ്ങള്‍ തിരിമറി നടത്തുകയായിരുന്നു. അധികൃതര്‍ നടത്തിയ ഓഡിറ്റിങ്ങില്‍ ഏകദേശം 24 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, പ്രാഥമികാന്വേഷണത്തിലും പത്ത് ലക്ഷത്തിലധികം രൂപ ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു.