പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; എല്ലാ കണ്ണുകളും റഷ്യയിലേക്ക്



മൂന്ന് ദിവസം നീണ്ട പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ അവസാന ദിവസമായ ഞായറാഴ്ചയും റഷ്യക്കാർ പോളിംഗ് സ്റ്റേഷനുകൾക്ക് മുമ്പിൽ വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിന് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്ന എതിരാളികൾ ആരും തന്നെയില്ല. പുടിനെയോ, ഉക്രൈൻ യുദ്ധത്തെയോ ആരും പരസ്യമായി വിമർശിക്കുന്നില്ല. പുടിൻ്റെ കടുത്ത ശത്രുവായിരുന്ന അലക്സി നവാൽനി കഴിഞ്ഞ മാസം ജയിലിൽ മരിച്ചു. വിമർശകർ ജയിലിലോ പ്രവാസത്തിലോ ആണ്. എതിരാളികളില്ലാതെ അഞ്ചാം വിജയം ഉറപ്പിച്ചുതന്നെയാണ് പുടിൻ തെരഞ്ഞെടുപ്പിനിറങ്ങിയത്.

നവാൽനി അനുകൂലികൾ പ്രതിഷേധവുമായി ഇലക്ഷൻ ദിവസം മുന്നിൽത്തന്നെയുണ്ടായിരുന്നു. അലക്സി നവാൽനിയുടെ ഭാര്യ യൂലിയ നവാൽനയ ജർമ്മനിയിലെ റഷ്യൻ എംബസ്സിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു. വിവിധ അക്രമസംഭവങ്ങളുടെ പേരിൽ 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധങ്ങൾക്കിടയിലും കനത്ത പോളിംഗാണ് നടക്കുന്നത്. 2018ലെ 67.54% എന്ന പോളിംഗ് റെക്കോർഡിനെ മറികടന്നതായി റഷ്യൻ ന്യൂസ് ഏജൻസി റ്റാസ് റിപ്പോർട്ട് ചെയ്തു.

2000ൽ ആണ് ആദ്യമായി പുടിൻ അധികാരത്തിലേറിയത്. 2004, 2012, 2018 വർഷങ്ങളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞടുപ്പിലും പുടിൻ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഏകദേശം ഉറപ്പാണ്. സ്വതന്ത്രസ്ഥാനാർഥി ആയിട്ടാണ് പുടിൻ മത്സരിച്ചത്. നിക്കോളായ് ഖരിറ്റനോവ് ( റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയോനിഡ് സ്ലട്സ്കി (നാഷണലിസ്റ്റ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ), വ്ലാഡിസ്ലാവ് ഡാവൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ മൂവരും പുടിൻ്റെ അടുത്ത സുഹൃത്തുക്കളാണ്. മാത്രവുമല്ല ഉക്രൈൻ യുദ്ധമുൾപ്പടെയുള്ള ക്രെംലിൻ പോളിസികളെ അനുകൂലിക്കുന്നവരുമാണ്. തെരഞ്ഞെടുപ്പ് നാടകത്തിലെ കരുക്കൾ മാത്രമാണ് ഇവരെന്നാണ് ആരോപണം. പുടിന് വെല്ലുവിളിയുയർത്തിയ ഏക സ്ഥാനാർഥി ബോറിസ് നദെഷ്ടിനെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കി. ഇത് തെരഞ്ഞെടുപ്പല്ല മറിച്ച് പുടിനോടുള്ള കൂറ് അറിയുന്നതിനുള്ള ജനഹിതപരിശാധന മാത്രമാണ് നടത്തുന്നതെന്നാണ് റഷ്യൻ ജേണലിസ്റ്റ് മാഷ ലിപ്മാൻ പറയുന്നത്.

ലെവാഡ സെൻ്റർ 2024 ജനുവരിയിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ 85% പേരും റഷ്യൻ-ഉക്രൈൻ യുദ്ധത്തിലുള്ള പുടിൻ്റെ തീരുമാനങ്ങളെ അനുകൂലിച്ചു. 77% പേർ സൈനിക നീക്കത്തെയും അനുകൂലിച്ചു. ഉക്രൈനിലെ നാസിസത്തിനെതിരെ ആരംഭിച്ച യുദ്ധം പിന്നീട് പടിഞ്ഞാറൻ രാജ്യങ്ങളോടുള്ള യുദ്ധമായി പരിണമിച്ചു. റഷ്യയെ നേരിടാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപകരണം മാത്രമാണ് ഉക്രൈൻ എന്ന് പുടിൻ പരസ്യമായി പ്രഖ്യാപിച്ചു.

പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് പലരീതിയിലുള്ള ഉപരോധങ്ങൾ വന്നപ്പോഴും റഷ്യ പിടിച്ചുനിന്നത് പുടിൻറെ കഴിവിലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. റഷ്യ-ഉക്രൈൻ യുദ്ധം വഴി മിലിറ്ററി-വ്യാവസായിക അടിത്തറ ശക്തമായി. മിലിറ്ററി കോൺട്രാക്ടുകൾ വർദ്ധിച്ചു. വിദഗ്ധ തൊഴിലാളികൾക്കുള്ള ഡിമാൻഡ് കൂടി. മാത്രവുമല്ല പുടിൻ്റെ ജനപിന്തുണയും വർദ്ധിച്ചു.

റഷ്യ “പുതിയ പ്രദേശങ്ങൾ” എന്ന് വിളിക്കുന്ന അധിനിവേശ ഉക്രൈനിൻ്റെ ഭാഗങ്ങളിൽ, തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് വോട്ടെടുപ്പ് ആരംഭിച്ച. കൂടാതെ വോട്ടുചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന പരസ്യങ്ങളാൽ സോഷ്യൽ മീഡിയയും നിറഞ്ഞിരിന്നു. വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ഒരു സംവാദങ്ങളിലും പുടിൻ പങ്കെടുത്തിരുന്നില്ല. പകരം മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഫാക്ടറി തൊഴിലാളികളുമായും സൈനികരുമായും വിദ്യാർത്ഥികളുമായും പതിവായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദാരിദ്ര്യം, വിദ്യാഭ്യാസം അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്തൽ തുടങ്ങിയുള്ള വിഷയങ്ങളെക്കുറിച്ച് പുടിൻ പ്രസംഗങ്ങളിൽ പ്രതിപാദിച്ചില്ലെന്നും ആരോപണമുണ്ട്. പകരം യുദ്ധത്തെക്കുറിച്ചാണ് അധികവും സംസാരിച്ചത്. അതിനാൽത്തന്നെ ഉയർന്ന പോളിംഗ് ശതമാനത്തെ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ആധുനിക റഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരിയാകുന്ന വ്യക്തിയായി 71 വയസ്സുള്ള വ്ലാദിമർ പുടിൻ വീണ്ടും അധികാരത്തിലേറുന്ന വാർത്ത കേട്ടായിരിക്കും മാർച്ച് 18 പുലരുന്നത്. 2012 ലെ തെരഞ്ഞെടുപ്പിന് ശേഷം തന്നെ വിശ്വസിച്ച് ജയിപ്പിച്ച വോട്ടർമാർക്ക നന്ദി പറഞ്ഞപ്പോൾ കണ്ണുനീർ പൊഴിച്ചത് ഇത്തവണയും ആവർത്തിച്ചേക്കാം.

Previous Post Next Post