രാമേശ്വരം കഫെ സ്‌ഫോടനത്തില്‍ മുഖ്യ ആസൂത്രകനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. കര്‍ണാടക സ്വദേശി മുസമ്മില്‍ ശരീഫാണ് എന്‍ഐഎയുടെ പിടിയിലായത്. മാര്‍ച്ച് ഒന്നിനാണ് ബാംഗ്ലൂരിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ നടത്തിയ വിശാലമായ റെയ്ഡിന് പിന്നാലെയാണ് ഇയാളെ എന്‍ഐഎ കുടുക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 12 ഇടങ്ങളിലും തമിഴ്‌നാട്ടിലെ അഞ്ചിടങ്ങളിലും ഉത്തര്‍ പ്രദേശിലെ ഒരു താവളത്തിലുമുള്‍പ്പെടെ 18 സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നത്. ബുധനാഴ്ച വൈകീട്ടോടെ തന്നെ എന്‍ഐഎ ഇയാളുടെ താവളം എന്‍ഐഎ മനസിലാക്കുകയും അത് വളയുകയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിശോധനയില്‍ നിന്നും ചില ഇലക്ട്രോണിക് ഉപകരണങ്ങളും പണവും കണ്ടെത്തിയെന്ന് എന്‍ഐഎ ഔദ്യോഗികമായി അറിയിച്ചു.
മാര്‍ച്ച് മൂന്നിനാണ് കര്‍ണാടക പൊലീസില്‍ നിന്നും എന്‍ഐഎ ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. മുസമ്മില്‍ ശരീഫാണ് സ്‌ഫോടനത്തിന്റെ ആസൂത്രകനെന്ന് എന്‍ഐഎ മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു. കഫെയില്‍ നടന്ന സ്‌ഫോടനത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ചിലര്‍ ഇപ്പോഴും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ബോംബെറിഞ്ഞയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുന്‍പ് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമായി വരുന്നതേയുള്ളൂ.