റിയാദ്: സൗദി അറേബ്യയില്‍ പുതുതായി പ്രഖ്യാപിച്ച സൗദി സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. വിദ്യാഭ്യാസ വിസയില്‍ വരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് സൗദിയില്‍ പാര്‍ട്ട് ടൈം ജോലിക്ക് അനുമതി നല്‍കുമെന്ന് ഡയറക്ടര്‍ ഓഫ് എജുക്കേഷന്‍ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ സാമി അല്‍ഹൈസൂനി അറിയിച്ചു.
ഇതിനു പുറമേ നിരവധി ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസക്കാര്‍ക്ക് ലഭ്യമാണ്. വിസ കാലാവധിയില്‍ എത്ര പ്രാവശ്യവും സൗദിക്ക് പുറത്ത് പോയി വരാം എന്നതും ശ്രദ്ധേയ തീരുമാനങ്ങളിലൊന്നാണ്. കോഴ്സ് കാലാവധി അവസാനിക്കുന്നത് വരെ യഥേഷ്ടം വിസ പുതുക്കാന്‍ സാധിക്കും.
സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരാനും സാധിക്കും. സ്റ്റുഡന്റ് വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ലാത്തതിനാല്‍ സ്വന്തം ആശ്രിതരായി തന്നെ കുടുംബത്തെ സൗദിയില്‍ താമസിപ്പിക്കാവുന്നതാണ്.
ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഹ്രസ്വകാല കോഴ്‌സുകള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റുഡന്റ് വിസ ലഭിക്കും. ചെറിയ കാലാവധിയുള്ള വിസകള്‍ ഒരു വര്‍ഷം വരെ പുതുക്കാം. സൗദി യൂണിവേഴ്സിറ്റികളിലേക്ക് വിദേശവിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും അതുവഴി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും ചെയ്യാമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ പ്രമുഖ വിദ്യാഭ്യാസ ഹബ്ബായി സൗദിയെ ഉയര്‍ത്തുകയാണ് ലക്ഷ്യം.
സ്റ്റഡി ഇന്‍ സൗദി അറേബ്യ എന്ന പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ വിസ നേടിയെടുക്കാന്‍ സാധിക്കും. വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ വിനോദ, ടൂറിസം പരിപാടികളും വാഗ്ദാനം ചെയ്യുന്നുണ്ട്. യൂണിവേഴ്സിറ്റികളിലെല്ലാം നവീനമായ നിരവധി കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്.