സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം തുടങ്ങി; ആദ്യമെത്തിയവരില്‍ മുകേഷും അശ്വിനിയും





തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് പത്രിക നല്‍കി. കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

ഹൈസ്‌കൂള്‍ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിന് മുന്നില്‍ നിന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായിട്ടാണ് മുകേഷ് പത്രിക സമര്‍പ്പിക്കാനെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

മന്ത്രി കെ എന്‍ ബാലഗോപാല്‍, മുന്‍ മന്ത്രി കെ രാജു, സിപിഐ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ പി എസ് സുപാല്‍, സിപിഎം നേതാവ് വരദരാജന്‍ തുടങ്ങിയവര്‍ പത്രികാസമര്‍പ്പണത്തില്‍ സംബന്ധിച്ചു.

കാസര്‍കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എം എല്‍ അശ്വിനിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് അശ്വിനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മഹിളാ മോര്‍ച്ച ദേശീയ കൗണ്‍സില്‍ അംഗമായ അശ്വിനി ആദ്യമായിട്ടാണ് മത്സരിക്കുന്നത്.

കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെയാണ് അശ്വിനി പത്രിക നല്‍കിയത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ സഞ്ജീവ് ഷെട്ടി, പ്രമീള സി നായിക് അടക്കമുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്നുമുതല്‍ ഏപ്രില്‍ നാലു വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്.
Previous Post Next Post