ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും



ന്യൂഡൽഹി: രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോ കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടെ കൊൽക്കത്തയിലെ തിരക്കിൽ നിന്നുമുള്ള മോചനമാണ് സത്യമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെട്രോ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റങ്ങളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനവും ചെയ്യും.

കൊൽക്കത്ത മെട്രോ ഹൗറ മൈദാൻ മുതൽ എസ്പ്ലാനഡെ മെട്രോ സെക്ഷൻ വരെയാണ് നീട്ടുന്നത്. ഒരു വലിയ നദിക്ക് അടിയിലൂടെ ടണൽ വഴി മെട്രോ കടത്തിവിടുന്നത് ആദ്യ സംഭവമാണ്. രാജ്യം ഇതോടെ നിർണായകമായ ഒരു നാഴികക്കൽ കൂടിയാണ് പൂർത്തിയാകുന്നത്.

നിർമാണ വൈവിധ്യത്തിന് പുറമെ, രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപരമായ ഒരു പ്രധാന്യവും ഇവിടെയുണ്ട്. നഗരത്തിലെ പൊതുഗതാഗത ശൃംഘലയേയും ബന്ധിപ്പിക്കുന്നുണ്ട്. ഹൂഗ്ലി നദിക്ക് താഴെ 32 മീറ്റർ താഴ്ചയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ഇതിലൂടെ 2023ൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഹൗറ മൈതാനം മുതൽ എസ്പ്ലനേഡ് വരെയുള്ള 4.8 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ നിർമിച്ചിരിക്കുന്നത്.

ഭൂമിക്കടിയിലുള്ള രണ്ട് മെട്രോ റേക്കുകൾ ഇരുസ്റ്റേഷനുകളിലൂടെയും കൊണ്ടുപോയാണ് പരീക്ഷണോട്ടം നടത്തിയത്. സമുദ്രനിരപ്പിൽ നിന്നും താഴെയാണ് ഈ മെട്രോ സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്. 45 സെക്കന്റിൽ 520 മീറ്റർ യാത്ര ചെയ്യാൻ സാധിക്കും. ട്രെയിൻ ഏകദേശം ഒരു മിനിട്ടിൽ തുരങ്കത്തിലൂടെ കടന്നുപോകും.

അണ്ടർവാട്ടർ മെട്രോയ്ക്ക് പുറമെ, പ്രധാനമന്ത്രി കവി സുഭാഷ് - ഹെമന്ത മുഖോപാദ്ധ്യായ മെട്രോ സെക്ഷൻ, തർതല - മേജർഹാത് മെട്രോ സെക്ഷൻ എന്നീ ഭാഗത്തേക്കുള്ളതും ഉദ്ഘാടനം ചെയ്യും. അതിനൊപ്പം കൊച്ചി മെട്രോയുടെ എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ ജംഗ്ഷൻ വരെയുള്ള ദൂരവും ആഗ്ര മെട്രോയുടെ ഭാഗവും ഉദ്ഘാടനം ചെയ്യുന്നതിൽ ഉൾപ്പെടുന്നു.

അതിനൊപ്പം ഡൽഹി മീററ്റ് ആർആർടിഎസ് ഇടനാഴിയും ഉൾപ്പെടുന്നുണ്ട്. ആഗ്ര മെട്രോയുടെ പുതുതായി ഉദ്ഘാടനം ചെയ്ത ഭാഗം നഗരത്തിൻ്റെ ചരിത്രപരവും വിനോദസഞ്ചാര കേന്ദ്രങ്ങളുമായുള്ള പ്രവേശനം വർദ്ധിപ്പിക്കാൻ തയ്യാറാണ്. അതേസമയം ആർആർടിഎസ് ഇടനാഴി ദേശീയ തലസ്ഥാന മേഖലയ്ക്കുള്ളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്നു.

ഈ പദ്ധതികൾ ഓരോന്നും റോഡ് ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുന്നതിനും പൊതുജനങ്ങൾക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവും സൗകര്യപ്രദവുമായ യാത്രസൗകര്യവും പ്രദാനം ചെയ്യുന്നതുമാണ്.

Previous Post Next Post