തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ തുടരന്വേഷണത്തിന്റെ രേഖകള്‍ മുഴുവനായും നല്‍കിയില്ലെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് ഇന്ന് പരിഗണിക്കുന്നത്.
ക്രൈംബ്രാഞ്ച് നല്‍കിയ രേഖകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ പരിശോധിച്ചതില്‍ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗ വാദം.
2015 മാര്‍ച്ച് 13 ന് കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍ഡിഎഫ് എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തില്‍ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.