ആര്‍എല്‍വി രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്ക് ക്ഷണിക്കും'; വിവാദം ശ്രദ്ധതിരിക്കാനെന്ന് സുരേഷ് ഗോപി


തൃശൂര്‍: ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശൂരിലെ ബിജെപി ലോക്‌സഭ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുടുംബ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്ക് രാമകൃഷ്ണനെ ക്ഷണിക്കുമെന്നും പ്രതിഫലം നല്‍കിയാകും ക്ഷണിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്.

ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്നും സര്‍ക്കാരിനെതിരായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിയാശാന്റെയും കുടുംബത്തിന്റേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പൊലീസിനും സാംസ്‌കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു. ''നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമുള്ള'' സത്യഭാമയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

 ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. 

ഇതിന് പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.
Previous Post Next Post