ഗുജറാത്ത് സർവകലാശാലയിൽ നിസ്കാരത്തെച്ചൊല്ലി തർക്കം; വിദേശ വിദ്യാർഥികളെ അജ്ഞാതർ ആക്രമിച്ചു





വിദേശ വിദ്യാർഥികൾക്കുനേരെ ഗുജറാത്ത് സർവകലാശാലയിൽ അജ്ഞാതരുടെ ആക്രമണം. നിസ്കാരത്തെച്ചൊല്ലിയാണ് വിദ്യാർഥികളെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ അഞ്ച് വിദേശവിദ്യാർഥികൾക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിക്കേറ്റത്. ആഭ്യന്ത്രമന്ത്രി ഹർഷ് സാങ്‌വി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടാനും പൊലീസിന് നിർദ്ദേശം നൽകി.


അഹമ്മദാബാദിലുള്ള ക്യാമ്പസിൽ പള്ളിയോ നിസ്കാരത്തിലുള്ള സൗകര്യങ്ങളോ ഇല്ലാത്തതിനാൽ നിസ്കാകാരത്തിനായി ഹോസ്റ്റലിൽ വിദ്യാർഥികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ  ഒരു സംഘം ഹോസ്റ്റലിനുള്ളിലേക്ക് ഇരച്ചുകയറി വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. അക്രമികളുടെ കയ്യിൽ വടികളും കത്തികളും ഉണ്ടായിരുന്നു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാർ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് സംഘം ഉള്ളിൽ കടന്നെന്നും വിദ്യാർഥികൾ പറഞ്ഞു
ഹോസ്റ്റലിനുള്ളിൽ കടന്ന അക്രമിസംഘം റൂമിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും നശിപ്പിച്ചു. ഒട്ടേറെ ബൈക്കുകൾക്കും കേടുപറ്റിയാതായി അഫ്ഗാനിസ്ഥാനിൽ നിന്നുലള്ള വിദ്യാർഥി പറഞ്ഞു. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങിളിലുള്ളവർക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ടുപേർക്കും പരിക്കേറ്റു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. എംബസിയെ വിവരമറിയിച്ചെന്നും വിദ്യാർഥി അറിയിച്ചു. മുന്നൂറോളം വിദേശ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
Previous Post Next Post