തട്ടിപ്പ് കേസിൽ അറസ്റ്റിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവൻ എന്ന് ചേർക്കരുത് ; അപേക്ഷയുമായി കൊച്ചിൻ കലാഭവൻ


കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റിലായത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ പിടികൂടിയത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്നാണ് പൊലീസ് അറിയിക്കുന്നത്.

എന്നാൽ ഇപ്പോൾ സോബി ജോര്‍ജിന്‍റെ പേരില്‍ കലാഭവന്‍ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചിൻ കലാഭവൻ രംഗത്ത് എത്തിയിരിക്കുകയാണ്. വാര്‍ത്ത കുറിപ്പിലൂടെ മാധ്യമങ്ങളോടാണ് കൊച്ചിൻ കലാഭവൻ ഈ ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ 54 വർഷമായി കേരള കലാലോകത്ത് പതിനായിരക്കണക്കിന് കലാകാരന്മാരെയും കലാകാരികളെയും കലയിലൂടെ വളർത്തിയെടുത്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. ഈയിടെ, കലാഭവനിൽ പതിനഞ്ച് വർഷത്തിന് മുൻപ് പ്രവർത്തിച്ചിരുന്ന സോബി ജോർജ് എന്ന വ്യക്തിയെ പരാമർശിച്ചുകൊണ്ടുള്ള നിരവധി ക്രിമിനൽ കേസുകൾ പത്രദൃശ്യമാധ്യമത്തിലൂടെ വന്നത് അറിഞ്ഞു. അദ്ദേഹത്തിന് "കലാഗൃഹം' എന്ന പേരിൽ ഇതുപോലെ ഒരു സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ട്.

ദയവ് ചെയ്ത് ഈ വ്യക്തിയെക്കുറിച്ച് ഇനിയുള്ള വാർത്തകൾ വരുമ്പോൾ 'കലാഭവൻ സോബി ജോർജ്' എന്ന പേര് മാറ്റി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിന്റെ (കലാഗൃഹം) പേര് നൽകി കലാഭവൻ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുതെന്ന് അഭ്യർഥിക്കുന്നുവെന്നാണ് വാര്‍ത്ത കുറിപ്പില്‍ ആവശ്യപ്പെടുന്നത്.
Previous Post Next Post